ശശികലയുടെ ജയില്‍വാസം പളനിസാമിയുടെ പ്രതിച്ഛായക്ക് ഭീഷണി
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിശ്വാസം നേടിയെങ്കിലും ഇനിയാണ് യുദ്ധം. അണ്ണാ ഡി.എം.കെയിലെ ഇരുവിഭാഗങ്ങളുടെയും രാഷ്ട്രീയഭാവി നിര്‍ണായകമാണ്. ജനവികാരവും പണാധിപത്യവും തമ്മിലെ ആദ്യ ഏറ്റുമുട്ടലില്‍ വിജയം ശശികല വിഭാഗത്തിനൊപ്പമായിരുന്നു. എതിര്‍വിഭാഗത്തിന് നേതൃത്വം നല്‍കുന്ന പന്നീര്‍സെല്‍വത്തിന്‍െറ രാഷ്ട്രീയഭാവിയാണ് ഏവരും ഉറ്റുനോക്കുന്നത്. അട്ടിമറികളില്ലാതെ പളനിസാമി സര്‍ക്കാര്‍ തുടര്‍ന്നാല്‍ പന്നീര്‍സെല്‍വത്തിന്‍െറ ഭാവി അനിശ്ചിതത്വത്തിലാകും. ജയലളിത മുന്നോട്ടുവെച്ച ജനപ്രിയ പദ്ധതികള്‍ അതേപടി തുടര്‍ന്ന് ‘അമ്മ’യുടെ യഥാര്‍ഥ പിന്‍ഗാമികള്‍ തങ്ങളാണെന്ന് പളനിസാമിക്ക് സ്ഥാപിക്കാന്‍ കഴിയും. സൗജന്യങ്ങള്‍ വാരിവിതറി ജനങ്ങളെ പാട്ടിലാക്കുന്ന തന്ത്രമാകും പുതിയ സര്‍ക്കാറും പയറ്റുക. അതേസമയം, ശശികലയുടെ ജയില്‍വാസം ഭരണനേട്ടങ്ങള്‍ക്കിടയില്‍ കല്ലുകടിയാവും. ഭരണത്തിന്‍െറ സഹായത്തോടെ രാഷ്ട്രീയഭാവി ഉറപ്പിക്കാന്‍ എല്ലാ മാര്‍ഗവും പളനി പയറ്റും. പന്നീറിന്‍െറ നീക്കങ്ങള്‍ക്ക് തുരങ്കം വെക്കാനും ശ്രമിക്കും. നാലരവര്‍ഷത്തോളമുള്ള ഭരണത്തിനിടെ പളനിസാമിക്കെതിരെ പോരാട്ടം നിലനിര്‍ത്താന്‍ പന്നീര്‍സെല്‍വത്തിന് വിയര്‍ക്കേണ്ടിവരും.
പളനിക്കൊപ്പമുള്ള എം.എല്‍.എമാര്‍ സ്വന്തം മണ്ഡലത്തില്‍ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടിവരുന്നതോടെ തന്നോടൊപ്പം എത്തുമെന്നാണ് പന്നീറിന്‍െറ കണക്കുകൂട്ടല്‍. അഴിമതിക്കേസില്‍ ശശികലയുടെ ശിക്ഷയും ജയലളിത പുറത്താക്കിയ അടുത്ത ബന്ധുക്കളെ തിരിച്ചെടുത്ത് ജയിലില്‍നിന്ന് ശശികല നടത്തുന്ന റിമോട്ട് ഭരണവും പ്രവര്‍ത്തകരെ കാണാനുള്ള സംസ്ഥാന പര്യടനത്തില്‍ പന്നീറിന്‍െറ മുഖ്യ പ്രചാരണ ആയുധമാണ്. എം.ജി.ആറിന്‍െറയും ജയലളിതയുടെയും രാഷ്ട്രീയ അനുഭവങ്ങളിലാണ് പന്നീറിന്‍െറയും പ്രതീക്ഷ. 1972ല്‍ ഡി.എം.കെയില്‍ എം.ജി.ആറും 1988ല്‍ അണ്ണാ ഡി.എം.കെയില്‍ ജയലളിതയും നേരിട്ടത് സമാന സാഹചര്യങ്ങളായിരുന്നു. അന്ന് ഭൂരിപക്ഷം എം.എല്‍.എമാരും ഒൗദ്യോഗികപക്ഷത്തിനൊപ്പവും അണികളും ജനങ്ങളും ഇടഞ്ഞ നേതാക്കള്‍ക്കൊപ്പവുമായിരുന്നു.
1972ല്‍ ഡി.എം.കെയില്‍നിന്ന് എം.ജി.ആറിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത് പാര്‍ട്ടിയുടെ 31 അംഗ കേന്ദ്ര നിര്‍വാഹകസമിതിയിലെ 26 അംഗങ്ങള്‍ ചേര്‍ന്നാണ്. പക്ഷേ, അണികള്‍ പിന്തുണ നല്‍കിയ എം.ജി.ആര്‍ ജനനേതാവായി. എം.ജി.ആറിന്‍െറ മരണത്തെതുടര്‍ന്ന് 1988ല്‍ ജയലളിത പക്ഷത്തെ 23നെതിരെ 131 എം.എല്‍.എമാരുടെ പിന്തുണയോടെ ജാനകി രാമചന്ദ്രന്‍ മുഖ്യമന്ത്രിയായെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ജയലളിത ഭരണത്തിലേറി. പാര്‍ട്ടി അണികളുടെ പ്രതിഷേധം ഏറ്റുവാങ്ങാന്‍ സാധ്യതയുള്ള എം.എല്‍.എമാരില്‍ ഒരു വിഭാഗമെങ്കിലും തിരികെ എത്തിയാല്‍ ആറുമാസത്തിനുശേഷം പ്രതിപക്ഷ സഹായത്തോടെ മറ്റൊരു അട്ടിമറിക്കുള്ള നീക്കമാകും പന്നീര്‍ നടത്തുക. പന്നീറിനോട് താല്‍പര്യമില്ലാത്ത ഡി.എം.കെ ഭരണ അസ്ഥിരത ചൂണ്ടിക്കാട്ടി നിയമസഭ പിരിച്ചുവിടാനും പ്രസിഡന്‍റ് ഭരണത്തിലത്തെിച്ച് മറ്റൊരു തെരഞ്ഞെടുപ്പിലൂടെ സഭ പിടിക്കാനുമാണ് ശ്രമിക്കുക. വിരുദ്ധ താല്‍പര്യങ്ങള്‍ക്കിടെ പ്രായോഗിക രാഷ്ട്രീയം പന്നീറിനും പയറ്റേണ്ടിവരും. ജയലളിതയുടെ സഹോദരപുത്രി ദീപയെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞത് ആദ്യ നേട്ടമായി ആശ്വസിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.