‘അമ്മ’സമാധിയില്‍ ശപഥം; ‘പുരട്ചി തലൈവര്‍’ വീട്ടില്‍ ധ്യാനം
text_fieldsചെന്നൈ: കീഴടങ്ങുന്നതിനു മുമ്പുള്ള നിമിഷങ്ങള്‍ ശശികല തട്ടുപൊളിപ്പന്‍ സിനിമയെ വെല്ലുംവിധം സംഭവബഹുലമാക്കി. ‘അമ്മ’യുടെ ജീവിതത്തിലേതുപോലെ പ്രതികാരവും ശപഥവും പ്രാര്‍ഥനയുമെല്ലാമായി ‘തോഴി’യും തകര്‍ത്താടി. ചെന്നൈ മറീന ബീച്ചില്‍ ജയലളിതയുടെ ശവകുടീരത്തില്‍ മൂന്നു പ്രാവശ്യം ആഞ്ഞടിച്ച് ശപഥം ചെയ്തതിനും, പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറിന്‍െറ വീട്ടില്‍ ധ്യാനമിരുന്നതിനും ശേഷമാണ് ചെന്നൈയില്‍നിന്ന് ശശികല ബംഗളൂരുവിലേക്ക് തിരിച്ചത്.
കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന അപേക്ഷ സുപ്രീംകോടതി നിരസിച്ചതറിഞ്ഞ ഉടന്‍ ബുധനാഴ്ച രാവിലെ 11.45ന് പോയസ്ഗാര്‍ഡനില്‍നിന്ന് ശശികല പുറത്തിറങ്ങി.
കേസിലെ കൂട്ടു പ്രതി മൂത്ത സഹോദര ഭാര്യ ജെ. ഇളവരശി, പുതിയ നിയസഭ കക്ഷി നേതാവ് മന്ത്രി എടപ്പാടി കെ. പളനിസാമി, പാര്‍ട്ടി പ്രസിഡീയം ചെയര്‍മാന്‍ കെ.എ. സെങ്കോട്ടയ്യന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ക്കിടെ ജയലളിതയുടെ ശവകുടീരത്തില്‍ 10 മിനിറ്റ് ചെലവഴിച്ചു. പൂക്കള്‍ വാരിവിതറി പ്രാര്‍ഥനനിരതയായി. ഇതിനിടെ ശവകുടീരത്തില്‍ മൂന്നു പ്രാവശ്യം ആഞ്ഞടിച്ച് ശപഥം ചെയ്തു. രഹസ്യ ശപഥം അറിയാന്‍ തമിഴകം കാതോര്‍ത്തിരിക്കെ അണ്ണാ ഡി.എം.കെയുടെ ട്വിറ്ററില്‍ അത് പ്രത്യക്ഷപ്പെട്ടു; ‘‘ചതിയും ദ്രോഹവും പ്രതിസന്ധിയും തരണം ചെയ്ത് വീണ്ടും വരും’’ എന്നായിരുന്നു ആ ശപഥം.
നിറകണ്ണുകളോടെ യാത്രപറഞ്ഞ് പിന്നീട് ചെന്നൈ നഗരത്തിലെ പ്രാന്തപ്രദേശമായ രാമപുരത്തെ എം.ജി.ആറിന്‍െറ വസതിയില്‍. ഇവിടെ എം.ജി.ആറിന്‍െറ പ്രതിമക്കു മുന്നില്‍ കൂപ്പുകൈകളോടെ നിന്നു. സ്മാരക മന്ദിരംകൂടിയായ വീട്ടിലെ എം.ജി.ആറിന്‍െറ ഓഫിസ് മുറിയിലത്തെി ധ്യാനമിരുന്നു. വാഹനവ്യൂഹം ചെന്നൈ-ബംഗളൂരു ദേശീയപാതയിലൂടെ ബംഗളൂരു കോടതിയിലേക്ക്.
മുന്‍ വനിതമന്ത്രിമാരായ വളര്‍മതി, ഗോകുല ഇന്ദരി, മറ്റു ബന്ധുക്കള്‍ എന്നിവര്‍ പത്തോളം വാഹനങ്ങളില്‍ അനുഗമിച്ചു. ശശികലയും ഇളവരശിയും ഒരേ വാഹനത്തിലായിരുന്നു. ബംഗളൂരുവിലേക്ക് പുറപ്പെടുംമുമ്പ് ശശികല പാര്‍ട്ടിയെയും ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനെയും സ്വകുടുംബമായ മണ്ണാര്‍ഗുഡി സംഘത്തെ ഏല്‍പിച്ചു. ജയലളിത പുറത്താക്കിയ സഹോദര പുത്രന്‍ ടി.ടി.വി. ദിനകരനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ജ്യേഷ്ഠസഹോദരന്‍ സുന്ദരവദന്‍െറ മകന്‍ ഡോ. എസ്. വെങ്കടേശനെയും തിരിച്ചെടുത്തു.
അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് 2011ല്‍ ശശികലക്കൊപ്പം പുറത്താക്കിയവരില്‍ ഇവരും പെടും. 2012ല്‍ ക്ഷമാപണം എഴുതി നല്‍കിയതിനത്തെുടര്‍ന്ന് ശശികലയെ മാത്രം തിരിച്ചെടുക്കുകയായിരുന്നു. 1999ല്‍ പെരിയകുളം ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായാണ് ദിനകരന്‍െറ രാഷ്ട്രീയ പ്രവേശനം. ഒ. പന്നീര്‍സെല്‍വത്തിന് ജയലളിതയുമായി അടുക്കാന്‍ അവസരം ലഭിച്ചതും ദിനകരന്‍ പെരിയകുളത്ത് മത്സരിക്കാന്‍ എത്തിയ ശേഷമാണ്. പിന്നീട് പാര്‍ട്ടി ട്രഷറര്‍ ആയി. എന്നാല്‍, 2004ലെ തെരഞ്ഞെടുപ്പില്‍ ജയിക്കാനായില്ല. പിന്നീട് രാജ്യസഭാംഗമാക്കി. ഫെറ കേസില്‍ ദിനകരനും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശശികലയുടെ സഹായിയായി പ്രത്യക്ഷപ്പെട്ടതോടെ ദിനകരന്‍െറ തിരിച്ചുവരവ് ഉറപ്പാക്കിയിരുന്നു.
അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി തുടരുന്ന ശശികല ഇനി പാര്‍ട്ടിയെ നയിക്കുക കുടുംബാംഗമായ ദിനകരന്‍ വഴിയാകും. പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ തന്നില്‍നിന്ന് നഷ്ടപ്പെടാതിരിക്കാനുള്ള നീക്കമാണ് ശശികലയും ഭര്‍ത്താവ് നടരാജനും മെനഞ്ഞിരിക്കുന്നത്. ഇതിനിടെ പോയസ്ഗാര്‍ഡനില്‍ ദിനകരന്‍െറ നേതൃത്വത്തില്‍ മറ്റു കുടുംബാംഗങ്ങള്‍ താമസംതുടങ്ങി. ഇവിടെ തങ്ങുന്ന മറ്റു കുടുംബാംഗങ്ങള്‍ ആരൊക്കെയെന്ന് വ്യക്തമല്ല. ഇളവരശിയുടെ പേരില്‍ പോയസ്ഗാര്‍ഡന്‍െറ ഉടമസ്ഥാവകാശം കൈമാറി ജയലളിതയുടെ വില്‍പത്രം ഉണ്ടെന്നാണ് ശശികലയുടെ അവകാശവാദം. ഇതോടൊപ്പം ജയലളിതയുടെ പേരില്‍ വിവിധ സംസ്ഥാനങ്ങളിലായുള്ള 117 കോടി രൂപയുടെ വസ്തുക്കള്‍ ശശികല കൈക്കലാക്കിയതായി സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.