ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിന്‍റെ വിശദാംശങ്ങൾ ആർക്കും നൽകരുതെന്ന് ശശികല
text_fieldsചെന്നൈ: താന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിന്‍റെ വിശദാംശങ്ങള്‍ ആര്‍ക്കും നല്‍കരുതെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അധികൃതര്‍ക്ക് കത്ത് നല്‍കി. വിവരാവകാശ നിയമപ്രകാരം ആരും താൻ മോചിതയാകുന്നതിന്‍റെ തിയതിയോ സമയമോ അറിയാന്‍ പാടില്ലെന്നാണ് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ ശശികല ആവശ്യപ്പെട്ടിരിക്കുന്നത്.
രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കും ജനശ്രദ്ധ തേടുന്നതിനും വേണ്ടി ചിലര്‍ ഞാൻ ജയിൽമോചിതയാകുന്ന സമയം അറിയാനായി അപേക്ഷ സമര്‍പ്പിക്കുന്നുണ്ട്. ഇത് എനിക്ക് നേരെയുള്ള രാഷ്ട്രീയ പകപോക്കലിന് വേണ്ടിയാണെന്നും എന്‍റെ മോചനത്തെ ഇത് സങ്കീര്‍ണ്ണമാക്കുമെന്ന് കരുതുന്നുതായും കത്തില്‍ ശശികല പറഞ്ഞു.
വേദ് പ്രകാശ് ആര്യവ്‌സ് കേസ് വിധി ചൂണ്ടിക്കാട്ടിയാണ് ശശികല ആവശ്യമുന്നയിച്ചത്. വിചാരണ കാത്തിരിക്കുന്ന തടവുകാരുടെയും പ്രതികളുടെയും വിവരങ്ങള്‍ നല്‍കരുതെന്ന് ഈ വിധിയിലുണ്ട്. സ്വകാര്യത സൂക്ഷിക്കാനുള്ള അവകാശം ഭരണഘടന നൽകുന്ന അവകാശമാണെന്ന് വിധിയിൽ ചൂണ്ടിക്കാട്ടുന്നു.
അനധികൃത സ്വത്ത് സമ്പാദനകേസില്‍ നാല് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ശശികല. പത്ത് കോടി രൂപ പിഴയടക്കുകയാണെങ്കില്‍ 2021 ജനുവരി 27 ന് ശശികല ജയില്‍മോചിതയാകുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.