Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടുക്കളയില്‍ നിന്നും​...

അടുക്കളയില്‍ നിന്നും​ അരങ്ങത്തേക്ക്​, അവിടുന്ന്​ ജയിലിലേക്ക്​

text_fields
bookmark_border
അടുക്കളയില്‍ നിന്നും​ അരങ്ങത്തേക്ക്​, അവിടുന്ന്​ ജയിലിലേക്ക്​
cancel

ചെന്നൈ: ജയലളിത അന്തരിച്ചതോടെ അടുക്കളയിൽ നിന്നും അരങ്ങത്ത്​ എത്തിയ ശശികല സുപ്രധാന കോടതി വിധിയോടെ ജയിലിലേക്ക്.​ ഇതോടെ ആഴ്​ചകൾ നീണ്ട തമിഴ്​നാട് രാഷ്​ട്രീയത്തിലെ ഭരണ അസ്​ഥിരതക്ക്​​ താൽകാലിക വഴിത്തിരിവാകുകയാണ്​ ചെയ്യുന്നത്​.

തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ തിരുത്തുറൈപോണ്ടിയില്‍ തേവര്‍ സമുദായത്തിലെ കള്ളാര്‍ ജാതിയില്‍പെട്ട കുടുംബത്തില്‍ 1957 ഏപ്രില്‍ ഒന്നിനായിരുന്നു ശശികലയുടെ ജനനം. പിന്നീട് തിരുവാരൂര്‍ ജില്ലയിലെ മണ്ണാര്‍കുടിയിലേക്ക് താമസം മാറി. നാലു സഹോദരങ്ങളും ഒരു സഹോദരിയുമടങ്ങുന്ന കുടുംബം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഠിപ്പ് തുടരാന്‍ നിവൃത്തിയുണ്ടായിരുന്നില്ല. തമിഴ്നാട് സര്‍ക്കാറില്‍ പബ്ളിക് റിലേഷന്‍സ് ഓഫിസറായിരുന്ന എം. നടരാജന്‍ ശശികലയെ വിവാഹം കഴിച്ചതോടെയാണ് ജീവിതത്തിന്‍െറ ഗതി മാറിയത്. അടിയന്തരാവസ്ഥക്കാലത്ത് നടരാജന് ജോലി നഷ്ടമായി. പിന്നെ കഷ്ടപ്പാടിന്‍െറ കാലമായിരുന്നു. 1980ന്‍െറ മധ്യത്തില്‍ നടരാജന്‍ ജോലിയില്‍ തിരികെയത്തെി. അക്കാലത്തായിരുന്നു കുടുംബത്തിന് സഹായകമാകാന്‍ ശശികല  വിഡിയോ പാര്‍ലര്‍ തുടങ്ങിയത്.

കല്യാണങ്ങളുടെയും ബിസിനസ് ചടങ്ങുകളുടെയും വിഡിയോ എടുത്തുനടക്കുന്ന ആ കാലത്ത് എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണവിഭാഗത്തിന്‍െറ ചുമതല മുഖ്യമന്ത്രി എം.ജി.ആര്‍ ഏല്‍പിച്ചിരുന്നത് ജയലളിതയെയായിരുന്നു.നടരാജന്‍െറ അപേക്ഷപ്രകാരം ആര്‍ക്കോട്ട് ജില്ല കലക്ടര്‍ വി.എസ്. ചന്ദ്രലേഖ ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തിയത് മറ്റൊരു വഴിത്തിരിവായി. പാര്‍ട്ടി ചടങ്ങുകള്‍ വിഡിയോവില്‍ പകര്‍ത്തി തുടങ്ങിയ ആ ബന്ധം ജയലളിതയുടെ വിശ്വസ്തയായി അവരെ മാറ്റി. മറ്റുള്ളവര്‍ക്കു മുന്നില്‍ അടഞ്ഞുകിടഞ്ഞ പോയസ് ഗാര്‍ഡന്‍െറ കവാടം ഏതു പാതിരാത്രിയിലും ശശികലക്കു മുന്നില്‍ മലര്‍ക്കെ തുറന്നുകിടന്നു. എം.ജി.ആറിനുശേഷം പാര്‍ട്ടിയിലും ഭരണത്തിലും ജയ വെന്നിക്കൊടി പാറിച്ചു. ജനങ്ങള്‍ ജയയെ ‘അമ്മ’യായി വാഴിച്ചപ്പോള്‍ ആദരപൂര്‍വം തോഴിയെ അവര്‍ ‘ചിന്നമ്മ’ എന്നു വിളിച്ചു. ആ ബന്ധം അസാധാരണമായി വളര്‍ന്നു. എം.ജി.ആറിനുശേഷം 1991ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഭരണപരിചയമില്ലാത്ത ജയലളിതക്കാവശ്യമായ ഉപദേശങ്ങള്‍ ശശികലയിലൂടെ നല്‍കിയത് നടരാജനായിരുന്നു.

ജയലളിതയിലേക്കുള്ള തൂക്കുപാലമായി ശശികല മാറുന്നതാണ് തമിഴകം കണ്ടത്. അധികാരത്തിന്‍െറ മറ്റൊരു കേന്ദ്രമായി ശശികലയും നടരാജനും മാറിയതോടെ മണ്ണാര്‍ഗുഡി മാഫിയ എന്ന പേരില്‍ ഈ കേന്ദ്രം അറിയപ്പെട്ടുതുടങ്ങി. ശശികലയുടെ അനന്തരവന്‍ സുധാകരനെ ജയ തന്‍െറ വളര്‍ത്തുപുത്രനായി പ്രഖ്യാപിക്കുന്നിടത്തേക്കുവരെ ആ ബന്ധം ദൃഢമായി. പാര്‍ട്ടി ചിഹ്നമായ രണ്ടിലകളില്‍ ഒന്ന് അമ്മയും മറ്റൊന്ന് ചിന്നമ്മയുമാണെന്നുവരെ അനുയായികള്‍ വിശേഷിപ്പിച്ചു.

ഭരണം മണ്ണാര്‍ഗുഡി മാഫിയയുടെ നിയന്ത്രണത്തിലായതോടെ തമിഴ്നാട് രാഷ്ട്രീയം അഴിമതിയില്‍ മുങ്ങി. 1996ല്‍ അധികാരം നഷ്ടപ്പെട്ട ജയലളിത അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടു. അതിനു കാരണം ശശികലയാണെന്ന് അനുയായികള്‍ ആരോപിച്ചപ്പോള്‍ തോഴിയെയും ഭര്‍ത്താവിനെയും ജയ പോയസ് ഗാര്‍ഡനില്‍നിന്ന് പുറത്താക്കി. സുധാകരന്‍ വളര്‍ത്തുപുത്രനല്ളെന്നുവരെ ജയ പ്രഖ്യാപിച്ചു. മാപ്പു പറഞ്ഞ് തിരികെയത്തെിയ തോഴിയെ ജയ സ്വീകരിച്ചു.

2011ല്‍ വീണ്ടും പുറത്താക്കി. മോണോറെയില്‍ പദ്ധതിയുടെ കരാര്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിക്ക് നല്‍കണമെന്ന ജയലളിതയുടെ താല്‍പര്യം മറികടന്ന് മലേഷ്യന്‍ കമ്പനിക്ക് നല്‍കാന്‍ ശശികല തീരുമാനിച്ചതായിരുന്നു പുറത്താക്കലിനു കാരണം. പക്ഷേ, രണ്ടു മാസത്തിനുശേഷം ചിന്നമ്മ പോയസ് ഗാര്‍ഡനില്‍ തിരികെയത്തെി.

രണ്ടുതവണ പുറത്താക്കിയപ്പോഴും ജയലളിതക്കെതിരെ ശശികല ഒരക്ഷരം മിണ്ടിയില്ല. രഹസ്യങ്ങളുടെ കൊട്ടാരമായിരുന്നിട്ടും അവരുടെ നാവില്‍നിന്ന് എതിരായി ഒന്നും പുറത്തുവന്നില്ല. ആ വിശ്വാസ്യതയായിരുന്നു വീണ്ടും ചിന്നമ്മയെ ജയയിലേക്കടുപ്പിച്ചത്. അപ്പോഴും നടരാജനെ ജയ അകറ്റിനിര്‍ത്തിയിരുന്നു. അനധികൃത സമ്പാദ്യത്തെക്കുറിച്ച് പുറത്തുപറയുമെന്ന പേടിയാണ് ശശികലയെ തിരിച്ചെടുക്കാന്‍ കാരണമായതെന്ന് നടരാജന്‍ ടി.വി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അഴിമതിക്കേസില്‍ വീണ്ടും ജയയും തോഴിയും ജയിലിലായി. ഇതിന്‍െറ വിചാരണ നടക്കുന്നതിനിടയിലാണ് ജയ ആശുപത്രിയിലാകുന്നത്. നാടകീയമായ ഒട്ടനവധി അഭ്യൂഹങ്ങള്‍ക്കുശേഷം ഒടുവില്‍ ജയയുടെ മൃതദേഹമാണ് അപ്പോളോ ആശുപത്രിയില്‍നിന്ന് പുറംലോകത്തത്തെിയത്. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായി തമിഴ്നാട്ടിലെ ജനങ്ങളില്‍ വലിയൊരു വിഭാഗം ആശങ്ക പുലര്‍ത്തിയിരുന്നു

ജയയുടെ മരണശേഷം പാര്‍ട്ടി ഭരണഘടന തിരുത്തിയാണ് ശശികല നേതൃത്വത്തിലേക്ക് വന്നത്. ഇടക്കാല മുഖ്യമന്ത്രിയായിരിക്കാന്‍ എക്കാലവും വിധിക്കപ്പെട്ട ഒ. പന്നീര്‍സെല്‍വം ആ കസേരയില്‍ അധികനാളുണ്ടാവില്ളെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. പന്നീര്‍സെല്‍വം അടക്കമുള്ള നേതാക്കന്മാര്‍ ജയയിലേക്കത്തെിച്ചേര്‍ന്നത് പാര്‍ട്ടിയിലെ അദൃശ്യ അധികാരകേന്ദ്രമായിരുന്ന ചിന്നമ്മയിലൂടെയായിരുന്നു.

ജയലളിതയുടെ മരണത്തോടെ ഒഴിവ് വന്ന ചെന്നൈ ആര്‍.കെ.നഗര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി ജയിച്ച്​ മുഖ്യമന്ത്രി സ്​ഥാനം അരക്കെട്ടുറപ്പിക്കാമെന്ന്​ ശശികല കണക്കൂകൂട്ടി. എന്നാൽ പന്നീർശെൽവം ശശികലക്കെതിരായതോടെ അണ്ണാഡിഎംകെയിൽ പുതിയ പോർമുഖം തുറന്നു. എങ്കിലും ഭൂരിപക്ഷം എൽ.എൽ.എമാരുടെ പിന്തുണയോടെ മുഖ്യമന്ത്രി സ്​ഥാനത്തെത്താമെന്ന ശശികലയുടെ മോഹത്തിനാണ്​​ കോടതിയുടെ നീക്ക​ത്തോടെ അന്ത്യമായിരിക്കുന്നത്​.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalaSasikala verdict
News Summary - sasikala
Next Story