സത്‌നാം സിങ് കൊലക്കേസ്: പിടികിട്ടാ പുള്ളി ദിലീപിനെ ക്രൈംബ്രാഞ്ച് പിടികൂടി
text_fieldsതിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സത്നാം സിങ് കൊലപാതക കേസിൽ പിടികിട്ടാ പുള്ളിയായ പ്രതി ദിലീപിനെ ക്രൈംബ്രാഞ്ച് പിടികൂടി. കൊല്ലം വള്ളിക്കാവ് മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചു എന്ന്ആരോപിച്ചാണ് സത്നാം സിങിനെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഇവിടെവെച്ച് കൊല്ലപ്പെടുകയായിരുന്നു.
സത്‌നാം സിങ് കൊലക്കേസിൽ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ആറാം പ്രതി ദിലീപിനെ ക്രൈംബ്രാഞ്ച് പിടികൂടി കോടതിയിൽ ഹാജരാക്കി. കേസിൽ ജാമ്യം നേടിയ ശേഷം നിരന്തരമായി കോടതയിൽ ഹാജരാകാതിരുന്ന പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടിച്ചിരുന്നു. ഇതേ തുടർന്നാണ ദിലീപിനെ 2018ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇതോടെ വർഷങ്ങളായി മുടങ്ങി കിടക്കുന്ന കേസിന്‍റെ വിചാരണ നടപടികൾ ഉടൻ ആരംഭിക്കും. തിരുവനതപുരം അഞ്ചാം അഡിഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മാനസിക ആരോഗ്യ കേന്ദ്രത്തിലുണ്ടായ തർക്കത്തിൽ ക്ഷുഭിതരായ പ്രതികൾ കേബിൾ വയർ ഉൾപ്പെടെയുള്ള ആയുധങ്ങൾ കൊണ്ട് നടത്തിയ മർദ്ദനത്തെത്തുടർന്നാണ് 2012 ആഗസ്റ്റ് നാലിന് രാത്രി എട്ടര മണിക്ക് സത്നാം സിങ് കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് കേസ്. ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുമ്പോൾ കേസിൽ ആറു പ്രതികൾ ഉണ്ടായിരുന്നു. നാലാം പ്രതി ബിജു ആത്‍മഹത്യ ചെയ്‌തിരുന്നു ഇതുകാരണം ഇപ്പോൾ കേസിൽ അനിൽ കുമാർ,വിവേകാനന്ദൻ,പ്രതീഷ് എന്ന ശരത് പ്രകാശ്,മഞ്ചേഷ്,ദിലീപ് എന്നീ അഞ്ചു പ്രതികളാണ് വിചാരണ നേരിടാൻ പോകുന്നത്.2012 ആഗസ്റ്റ് നാലിനാണ് ബീഹാർ സംസ്ഥാനത്തെ ഗയാ ജില്ലാ സ്വദേശിയായ സത്‌നാം സിങ് മാൻ മരണപ്പെടുന്നത്.
മരണം കൊലപതകമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തു വന്നതോടെ കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. നാലു മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയ ഡെപ്യൂട്ടി സൂപ്രണ്ട് പി.ഗോപകുമാർ 2012 ഡിസംബർ ഒന്നിന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.പേരൂർക്കട മാനസിക ആരോഗ്യ കേന്ത്രത്തിലെ രണ്ട് ജീവനക്കാരും നാല് പുനരധിവാസ രോഗികളും ചേർന്നാണ് കൊലനടത്തിയതെന്ന് കെണ്ടത്തലായിരുന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.171 പേജുകൾഉള്ള കുറ്റപത്രത്തിൽ 79 സാക്ഷികളും,109 രേഖകളും 7 തൊണ്ടിമുതലുകളും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.