യു.പിയിൽ ശനിയാഴ്ച ‘സ്കൂൾ ബാഗ് രഹിത ദിന’മാക്കുന്നു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ ശനിയാഴ്ച ‘സ്കൂൾ ബാഗ് രഹിത ദിന’മായി പ്രഖ്യാപിക്കാൻ നീക്കം. ഉപമുഖ്യമന്ത്രി ദിനേശ് ശർമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശമുണ്ടായത്. ശനിയാഴ്ചകളിൽ വിദ്യാർഥികൾക്ക് ബാഗില്ലാതെ സ്കൂളിലെത്താം. കൂടുതൽ ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
നേരത്തേ, സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾ കാക്കി യൂനിഫോം ധരിക്കുന്നത് സർക്കാർ നിർത്തലാക്കിയിരുന്നു. കാക്കി നിറത്തിലുള്ള യൂനിഫോമിനോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു നടപടി. പൊലീസുകാരുടെ വേഷത്തിനു സമാനമാണ് വിദ്യാർഥികളുടെ യൂനിഫോമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ജൂലൈയിൽ ആരംഭിക്കുന്ന പുതിയ അധ്യയനവർഷം മുതൽ പിങ്കും വെള്ളയും വരകളുള്ള ഷർട്ടും തവിട്ടുനിറത്തിലുള്ള പാൻറ്സ്/സ്കർട്ടും ധരിച്ചാകും വിദ്യാർഥികൾ സ്കൂളിലെത്തുക. മുതിർന്ന ക്ലാസുകളിലെ പെൺകുട്ടികൾക്ക് ചാരനിറത്തിലുള്ള സൽവാറും ദുപ്പട്ടയും ചുവന്ന കുർത്തയുമാണ് വേഷം. സംസ്ഥാനത്തെ 75 ജില്ലകളിലായി 1.68 ലക്ഷം സർക്കാർ സ്കൂളുകളിൽ 1.78 കോടി വിദ്യാർഥികളുണ്ട്. ജൂലൈ ഒന്നു മുതൽ പത്തു വരെ എല്ലാ നിർധന വിദ്യാർഥികൾക്കും പുസ്തകം, യൂനിഫോം, ചെരിപ്പ്, സ്കൂൾ ബാഗ് എന്നിവ സൗജന്യമായി നൽകുമെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.