മന്ത്രിയുടെ കാൽ മസാജ് ചെയ്ത സംഭവം; നടപടി ആവശ്യപ്പെട്ട് വനിത കമീഷന് ബി.ജെ.പിയുടെ കത്ത്
text_fieldsന്യൂഡൽഹി: ആം ആദ്‍മി മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലിൽ പോക്‌സോ കേസ് വിചാരണത്തടവുകാരൻ മസാജ് ചെയ്യുന്ന വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വനിത കമീഷന് ബി.ജെ.പിയുടെ കത്ത്. ഡൽഹി വനിത കമീഷൻ മേധാവി സ്വാതി മലിവാളിന് ബി.ജെ.പി വക്താവ് പ്രവീൺ ശങ്കർ കഴിഞ്ഞ ദിവസമാണ് കത്തയച്ചത്.
ഒരു കൊടും കുറ്റവാളി മന്ത്രിയുമായി ബന്ധപ്പെടുന്നതും അദ്ദേഹത്തെ സേവിക്കുന്നതും വളരെ ആശങ്കാജനകമായ കാര്യമാണ്. ഇത്തരം സാഹചര്യത്തിൽ ജയിൽ ഭരണകൂടം ഈ കുറ്റവാളിക്ക് ഇളവുകളും സൗകര്യങ്ങളും നൽകുന്നുണ്ടെന്നാണ് അനുമാനിക്കേണ്ടതെന്ന് അദ്ദേഹം കത്തിൽ ആരോപിച്ചു. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയും അവരുടെ കുടുംബവും എത്രത്തോളം ഭയപ്പെട്ടുകാണും. അവർ അവരുടെ സുരക്ഷയിൽ തീർച്ചയായും ആശങ്കാകുലരായിക്കുമെന്നും കത്തിൽ കൂട്ടിച്ചേർത്തു.
പീഡനക്കേസിൽ തടവിൽ കഴിയുന്ന പ്രതിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച സംഭവത്തിൽ ജയിൽ ഭരണകൂടത്തിൽ നിന്ന് റിപ്പോർട്ട് തേടണമെന്നും മന്ത്രിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പ്രവീൺ ശങ്കർ ആവശ്യപ്പെട്ടു.
മന്ത്രിയെ മസാജ് ചെയ്യുന്നതിന്‍റെ വിഡിയോ ബി.ജെ.പിയാണ് പുറത്ത് വിട്ടത്. എന്നാൽ ഇത് ചികിത്സയുടെ ഭാഗമാണെന്നായിരുന്നു എ.എ.പിയുടെ ആദ്യ പ്രതികരണം. എന്നാൽ എ.എ.പിയുടെ വാദത്തെ പൂർണമായും തള്ളി കൊണ്ട് തിഹാർ ജയിൽ അധികൃതർ കഴിഞ്ഞ ദിവസം രംഗത്തെത്തി. മസാജ് ചികിത്സയുടെ ഭാഗമല്ലെന്നും പീഡനക്കേസിൽ തടവിൽ കഴിയുന്ന റിങ്കു എന്ന തടവുകാരനാണ് മസാജ് ചെയ്ത് നൽകിയതെന്നും ജയിൽ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.