സൗദി കരസേന മേധാവി ഡൽഹിയിൽ; പ്രതിരോധ ബന്ധം ശക്തമാകുന്നു
text_fieldsന്യൂഡൽഹി: സൈനിക സഹകരണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യയുടെ കരസേന മേധാവി ലഫ്. ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈർ ഡൽഹിയിൽ. കരസേന മേധാവി ജനറൽ എം.എം. നരവനെയുമായി അദ്ദേഹം ചൊവ്വാഴ്ച വിപുല ചർച്ചകൾ നടത്തി.
ചർച്ചകൾക്കുമുമ്പ് സൗത്ത് ബ്ലോക്കിനു മുന്നിൽ റോയൽ സൗദി ലാൻഡ് ഫോഴ്സസ് കമാൻഡർക്ക് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി. സൗദി കരസേന മേധാവിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.
ഇന്ത്യയും സൗദിയുമായി ഏതാനും വർഷമായി സുരക്ഷാ ബന്ധങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ട്. 2020 ഡിസംബറിൽ ഇന്ത്യയുടെ കരസേന മേധാവി സൗദി സന്ദർശിച്ചിരുന്നു.
2021 ആഗസ്റ്റിൽ സൗദിയുടെ കിഴക്കൻ തീരമായ ജുബൈലിൽ നടത്തിയ ഉന്നതതല ആശയവിനിമയങ്ങളുടെയും ആദ്യ ഉഭയകക്ഷി നാവിക അഭ്യാസമായ 'അൽ മൊഹെദ്-അൽ ഹിന്ദി'യിലൂടെയും കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധത്തിൽ ശ്രദ്ധേയമായ വളർച്ചയാണുണ്ടായത്.
കോവിഡ് പ്രതിസന്ധികൾക്കിടയിലും യാത്രാ നിയന്ത്രണങ്ങൾക്കിടയിലും സൗദി റോയൽ സായുധ സേനയിലെയും ഇന്ത്യൻ സായുധ സേനയിലെയും ഉദ്യോഗസ്ഥർ ഇരു രാജ്യങ്ങളിലെയും വിവിധ സൈനിക സ്ഥാപനങ്ങളിൽ നടന്ന പരിശീലന പരിപാടികളിൽ പങ്കെടുത്തിരുന്നു. ഈ വർഷം കൂടുതൽ സഹകരണങ്ങളും പരിശീലന പ്രവർത്തനങ്ങളും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്‍റലിജൻസ് വിവരങ്ങളുടെ കൈമാറ്റം, ഭീകര വിരുദ്ധ നടപടികൾ, നിർമിത ബുദ്ധി, സൈബർ സുരക്ഷ തുടങ്ങിയ പുതിയ മേഖലകളിൽ കൂടുതൽ സഹകരണ സാധ്യതകൾ ഉള്ളതായാണ് ഇരുകൂട്ടരും കരുതുന്നത്. ഈ വർഷത്തിന്‍റെ രണ്ടാം പകുതിയിൽ നടത്തുന്ന ആദ്യത്തെ കരസേനാ അഭ്യാസവും ഇരു മേധാവികളും തമ്മിലുള്ള ചർച്ചകളിലെ അജണ്ടയിലുൾപ്പെടും.
2022-ൽ ഇന്ത്യയുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, പ്രതിരോധ സഹകരണം ഉഭയകക്ഷി ബന്ധത്തിന്‍റെ നാഴിക കല്ലായി കണക്കാക്കപ്പെടും. 2014-ൽ അന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായിരുന്ന സൽമാൻ രാജാവ് പ്രതിരോധരംഗത്തെ സഹകരണ കരാർ ഒപ്പിട്ടുകൊണ്ട് സഹകരണം ശക്തമാക്കുകയായിരുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ മാർഗനിർദേശങ്ങളനുസരിച്ച് ഇന്ത്യയുമായി പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ് സൗദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.