ഭരണവിരുദ്ധ വികാരത്തിൽ സൗരാഷ്ട്ര
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലെ 54 നിയമസഭ മണ്ഡലങ്ങളുടെ വിധി ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നിർണയിക്കും. ബി.ജെ.പിക്കെതിരായ പാട്ടീദാർ സമരത്തിന്റെ വിളനിലമായിരുന്ന അംറേലി, മോർബി രാജ്കോട്ട്, സുരേന്ദ്ര നഗർ, ജാംനഗർ, ദേവ്ഭൂമി ദ്വാരക, പോർബന്തർ, ജുനഗഡ്, ഗിർ സോംനാഥ്, ഭാവ്നഗർ, ബോടാഡ് എന്നീ 11 ജില്ലകൾ ഉൾക്കൊള്ളുന്ന സൗരാഷ്ട്ര മേഖലയിൽ ആ സമരത്തിന്റെ അനുരണനങ്ങളൊന്നും ഇക്കുറിയില്ല. മോർബി പാലം തകർന്നുണ്ടായ ദുരന്തത്തിൽ 100ലേറെ പേർ മരിച്ചതും സൗരാഷ്ട്രയിൽ പ്രധാന തെരഞ്ഞെടുപ്പ് വിഷയമല്ല.
സൗരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളായ അർജുൻ മൊദ്‍വാദിയയും വിക്രംഭായിയും സ്വന്തം ജനപ്രീതിയുടെ ബലത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാട്ടീദാർ സമരത്തിന്റെ ഗുണഭോക്താക്കളായ കോൺഗ്രസ് സൗരാഷ്ട്രയിലെ സീറ്റുകളുടെ എണ്ണം 16ൽ നിന്ന് 30 ആയി ഉയർത്തിയെങ്കിലും ആ എം.എൽ.എമാരിൽ 10ലേറെ പേർ പിന്നീട് ബി.ജെ.പിയിൽ ചേർന്നു.
27 വർഷത്തെ ബി.ജെ.പി ഭരണത്തിനെതിരായ വികാരം ജനങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്ന സൗരാഷ്ട്ര മേഖലയിൽ ആം ആദ്മിയുടെ വാഗ്ദാനങ്ങൾ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി സൗരാഷ്ട്രയിലെ ഖംഭാലിയയിൽനിന്നാണ് മത്സരിക്കുന്നത്. ബി.ജെ.പിയും കോൺഗ്രസുമല്ലാതെ മൂന്നാമതൊരു പാർട്ടിയായി ആപ് വന്നതിൽ മുസ്‍ലിം വ്യാപാരികൾക്കും പ്രതീക്ഷയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.