കർണാടകയിൽ കൂടുതൽ സ്ഥലങ്ങളിൽ സവർക്കർ ബോർഡുകൾ
text_fieldsബംഗളൂരു: കർണാടകയിൽ കൂടുതൽ സ്ഥലങ്ങളിൽ ഹിന്ദുത്വസംഘടന പ്രവർത്തകർ ആർ.എസ്.എസ് ആചാര്യൻ വി.ഡി. സവർക്കറുടെ ചിത്രം സ്ഥാപിക്കുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ശിവമൊഗ്ഗയിൽ സവർക്കറുടെ ഫോട്ടോ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ ഉണ്ടായിരുന്നതിന്റെ തുടർച്ചയായാണ് വീണ്ടും ചിത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്.
ഇതിനോട് അടുത്തുകിടക്കുന്ന ഉഡുപ്പി ജില്ലയിലും സവർക്കറുടെ ബോർഡുകൾ ഉയർന്നു. ഉഡുപ്പിയിലെ ബ്രഹ്മഗിരി സർക്കിളിലെ ഛായാചിത്രത്തിൽ ബി.ജെ.പി നേതാവ് യശ്പാൽ സുവർണ പുഷ്പഹാരം ചാർത്തുകയും ചെയ്തു. ബി.ജെ.പിയുടെ ഒ.ബി.സി മോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് സുവർണ. സവർക്കറുടെ ചിത്രം മാറ്റണമെന്നും സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് ഹിന്ദുത്വസംഘടനകൾ കോൺഗ്രസ് ജില്ല കമ്മിറ്റി ഓഫിസിലേക്ക് മാർച്ച് നടത്തി.
ബംഗളൂരുവിനോട് അടുത്തുള്ള തുമകുരു ജില്ലയിലും സവർക്കറുടെ ചിത്രം അടങ്ങിയ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. അജ്ഞാതരാണ് ഇതിന് പിറകിലെന്നും സംഘർഷം ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും കേസ് എടുത്തിട്ടുണ്ടെന്നും തുമകുരു എസ്.പി. രാഹുൽകുമാർ പറഞ്ഞു. അതേസമയം, ശിവമൊഗ്ഗയിലെ നിരോധനാജ്ഞ ഇന്നും തുടരും. സ്വാതന്ത്ര്യദിനത്തിൽ ബജ്റംഗ്ദൾ, വിശ്വഹിന്ദുപരിഷത്ത് പ്രവർത്തകർ ഇവിടെയുള്ള മുസ്ലിംപള്ളിയോട് ചേർന്ന അമീർ അഹ്മദ് സർക്കിളിൽ സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
ഇത് ചില മുസ്ലിം ചെറുപ്പക്കാർ ഇടപെട്ട് മാറ്റിക്കുകയും അതേ സ്ഥലത്ത് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്‍റെ ചിത്രമുള്ള ബോർഡ് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ശിവമൊഗ്ഗയിലെ സിറ്റി സെന്‍റർ മാളിൽ സിറ്റി കോർപറേഷൻ അധികൃതർ നടത്തിയ പ്രദർശനത്തിൽ സവർക്കറുടെ ചിത്രം വന്നതിലും പ്രതിഷേധമുയർന്നിരുന്നു. സ്വാതന്ത്ര്യസമരത്തിൽ ഒരു തരത്തിലും പങ്കെടുത്തിട്ടില്ലാത്ത സവർക്കറെ ഉൾപ്പെടുത്തുന്നതിനെയാണ് എതിർക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.