കർണാടകയിലെ കോൺഗ്രസ് ഓഫിസിൽ സവർക്കർ ചിത്രം പതിച്ച് ബി.ജെ.പി
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ് ഓഫിസിൽ ബി.ജെ.പി പ്രവർത്തകർ ആർ.എസ്.എസ് ആചാര്യൻ വി.ഡി. സവർക്കറുടെ ചിത്രങ്ങൾ പതിച്ചു. വിജയപുരയിലെ കോൺഗ്രസ് കമ്മിറ്റി ഓഫിസിന്‍റെ പുറത്ത് ചുവരിലും ജനലിലുമാണ് ഞായറാഴ്ച രാത്രി ചിത്രങ്ങൾ പതിച്ചത്.
തിങ്കളാഴ്ച രാവിലെയോടെ പൊലീസാണ് ഇവ മാറ്റിയത്.സ്വാതന്ത്ര്യദിനത്തിൽ ഹിന്ദുത്വ സംഘടനകൾ ശിവമൊഗ്ഗയിലും ഉഡുപ്പിയിലും സവർക്കറുടെ ചിത്രങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ സിദ്ദരാമയ്യ രംഗത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഓഫിസിലും ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇവ പതിച്ചത് തങ്ങളാണെന്ന് ബി.ജെ.പി ജില്ല നേതാവ് ബസവരാജ് ഹൂഗര പറഞ്ഞു. ഹുബ്ബള്ളിയിൽ സവർക്കറുടെ ചിത്രങ്ങൾ കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു. അതിന് മറുപടിയായാണ് ചിത്രങ്ങൾ അവരുടെ ഓഫിസിൽ പതിച്ചത്. കോൺഗ്രസ് പ്രശസ്തിക്ക് വേണ്ടി സവർക്കറെ ഉപയോഗിക്കുകയാണ്. അവർ സവർക്കറെ ബഹുമാനിക്കുകയും ആ ചരിത്രം വായിക്കുകയുമാണ് വേണ്ടത് - ബി.ജെ.പി നേതാവ് പറഞ്ഞു.
കഴിഞ്ഞദിവസം കുടകിൽ സിദ്ദരാമയ്യയുടെ കാറിന് നേരെ സംഘ്പരിവാർ പ്രവർത്തകർ മുട്ടയെറിഞ്ഞിരുന്നു. ഭീഷണിസന്ദേശങ്ങൾ വന്നതോടെ അദ്ദേഹത്തിന്‍റെ സുരക്ഷ വർധിപ്പിച്ചു. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് ജയിൽ മോചിതനായ സവർക്കറെ വീർ സവർക്കർ എന്നാണ് വിളിക്കുന്നതെന്നും സ്വാതന്ത്ര്യസമരസേനാനിയാക്കി അവതരിപ്പിക്കുകയാണെന്നും സിദ്ദരാമയ്യ പരിഹസിച്ചിരുന്നു.
അതേസമയം, ബെളഗാവിയിൽ ആഗസ്റ്റ് 31ന് നടക്കുന്ന ഗണേശോത്സവത്തിൽ സവർക്കറുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് ബി.ജെ.പി അറിയിച്ചു. ഇവിടത്തെ ഹിന്ദൽഗ ജയിലിൽ സവർക്കർ തടവിലായിരുന്നുവെന്നും ഇതിന്‍റെ സ്മരണക്കായാണ് ചിത്രങ്ങൾ സ്ഥാപിക്കുകയെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.