'ആദ്യം അവളെ രക്ഷിക്കൂ'; ശരീരത്തിൽ കല്ലും മണ്ണും പതിക്കുേമ്പാൾ അലറിവിളിച്ച് ഒരമ്മ -മഴയിൽ വിറച്ച് മുംബൈ
text_fieldsമുംബൈ: അർധരാത്രി വീടിന് മുകളിൽ പതിച്ച പറക്കല്ലുകൾക്കും മണ്ണിനും ഇടയിലായിരുന്നു കിരൺദേവി വിശ്വകർമയെന്ന 32കാരി. അപകടത്തിൽനിന്ന് സഹോദരപുത്രൻ രക്ഷപ്പെടുത്താൻ ശ്രമിക്കുേമ്പാൾ എന്നെ രക്ഷിക്കാതെ മകളെ രക്ഷപ്പെടുത്തുവെന്നായിരുന്നു ആ അമ്മയുടെ വാക്കുകൾ.
അവശിഷ്ടങ്ങൾക്കിടയിൽനിന്ന് 14കാരിയായ മകളുടെ നിലവിളി കേൾക്കാമായിരുന്നുവെങ്കിലും പാറക്കല്ലുകളും മണ്ണും അവളെ വന്ന് മൂടിയിരുന്നു. ഏറെ താമസിയാതെ വീണ്ടും വീടിന് മുകളിലേക്ക് പാറക്കല്ലുകളും മണ്ണും പതിച്ചതോടെ ഇല്ലാതായത് ഒരു കുടുംബവും അവരുടെ സ്വപ്നങ്ങളുമായിരുന്നു.
ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വിക്രോളി, സൂര്യ നഗറിലെ പഞ്ചശീൽ ചൗളിൽ നിരവധി വീടുകൾക്കുമുകളിൽ ഉരുൾപ്പൊട്ടലിനെ തുടർന്ന് പാറക്കല്ലുകളും മണ്ണും പതിക്കുകയായിരുന്നു. ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. 12 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമായിരുന്നു ഇവരുടെ മൃതദേഹം കണ്ടെടുത്തത്.
മരപ്പണി ജോലികൾ ചെയ്തുവരുന്ന കുടുംബമാണ് കിരൺദേവിയുടേത്. കുന്നിൻ ചെരുവിലെ ചേരി പ്രദേശത്താണ് ഇവരുടെ താമസം. ഭർത്താവ് ഹൻസ്രാജ്, മകൻ പ്രിൻസ്, മകൾ പിങ്കി, സഹോദരപുത്രൻമാരായ രവിശങ്കർ, ആശിഷ് എന്നിവരടങ്ങിയതാണ് കുടുംബം. 3000 രൂപ വാടകക്ക് ചെറിയ വീട്ടിലായിരുന്നു കുടുംബത്തിന്‍റെ താമസം.
മരപ്പണിക്കാരനായ ഹൻസ്രാജ് ഗ്രാമത്തിൽനിന്ന് അകലെ ഹിരാനന്ദാനിയിലാണ് ജോലി ചെയ്യുന്നത്. ആഴ്ചയിലൊരിക്കൽ വീട്ടിലെത്തും. അധിക ജോലികൾ തീർക്കാനുള്ളതിനാൽ ഇൗ ഞായറാഴ്ച ഹൻസ്രാജ് വീട്ടിലെത്തിയിരുന്നില്ല.
'വെളുപ്പിന് രണ്ടരയോടെ നാട്ടിൽനിന്ന് ഒരു ഫോൺ വിളിയെത്തി. അപകടത്തെക്കുറിച്ച് അറിയിച്ചു. എന്‍റെ ബോസ് എന്നെ വീട്ടിലെത്തിച്ചു. അപ്പോഴേക്കും കുടുംബത്തെ മുഴുവൻ നഷ്ടമായിരുന്നു. ഇനി ആർക്കുേവണ്ടിയാണ് ഞാൻ ജീവിക്കുന്നത്. ഇനി ജീവിച്ചിരിക്കാൻ കാരണമൊന്നുമില്ല. 45 ദിവസം മുമ്പ് എന്‍റെ പിതാവിനെ നഷ്ടമായി. അമ്മ യു.പിയിലെ ജാൻപൂരിലാണ് താമസം' -ഹൻസ്രാജ് പറയുന്നു.
രാജവാഡി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് എല്ലാ മൃതദേഹങ്ങളും. ദുരന്തത്തിൽനിന്ന് രവിശങ്കറിന് മാത്രമാണ് രക്ഷപ്പെടാനായത്. വാതിലിന് സമീപത്തായിരുന്നതിനാലാണ് താൻ രക്ഷപ്പെട്ടതെന്ന് രവിശങ്കർ പറയുന്നു.
'അവശിഷ്ടങ്ങൾ ഒഴുകിയെത്തിയപ്പോൾ അതിന്‍റെ മുകളിലേക്ക് ഞാൻ വലിഞ്ഞുകയറി. സമീപത്തെ മീറ്റർ ബോക്സ് തകർന്നിരുന്നു. അതിൽനിന്ന് വൈദ്യുതാഘാതവുമേറ്റു. അമ്മായി കിരൺദേവിയെ എനിക്ക് കാണാൻ കഴിഞ്ഞു. അവരുടെ വയറിന് കീഴ്ഭാഗത്തേക്ക് അവശിഷ്ടങ്ങൾ വീണിരുന്നു. പിങ്കി സഹായത്തിനായി അലറുന്നുണ്ടായിരുന്നു. അവൾ മാലിന്യത്തിന്‍റെ അടിയിലായിരുന്നതിനാൽ എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. കിരൺദേവിയെ രക്ഷപ്പെടുത്താനായി ഞാൻ കൈനീട്ടി. എന്നാൽ എന്‍റെ കൈ നിരസിച്ച അവർ പിങ്കിയെ ആദ്യം രക്ഷപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു. 60 സെക്കന്‍റിനകം വീണ്ടും കല്ലും മണ്ണും വീടിന് മുകളിലേക്ക് വീണു. എന്‍റെ ജീവൻ എനിക്ക് തിരിച്ചുകിട്ടി. എന്നാൽ ദുരന്തത്തിൽ അനിയൻ ആശിഷിനെയും മറ്റുള്ളവരെയും നഷ്ടമായി' -രവിങ്കർ പറഞ്ഞു.
ചേരിയിലെ നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ ഉറ്റബന്ധുക്കളെ നഷ്ടമായിരുന്നു. തിവാരി കുടുംബത്തിന് നഷ്ടമായത് മൂന്നുപേരെയായിരുന്നു. 22കാരനായ പിന്‍റു തിവാരി മാതാപിതാക്കൾക്കും രണ്ടു സഹോദരൻമാർക്കും രണ്ടു സഹോദരിമാർക്കുമൊപ്പമായിരുന്നു താമസം. ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരനെയും പിന്‍റുവിന് നഷ്ടമായി.
സഹോദരൻ അങ്കിത് ഒരു ദിവസം മുമ്പാണ് യു.പിയിലെ ഗ്രാമത്തിൽനിന്നെത്തിയത്. അവിടെയെത്തിയെങ്കിലും അങ്കിതിന് ജോലി കണ്ടെത്താൻ സാധിച്ചിരുന്നില്ല. അച്ഛൻ ഒരു പൂന്തോട്ടക്കാരനായിരുന്നു. സഹോദരങ്ങളായ മധുവും പങ്കജും ഞാനും താഴത്തെ നിലയിരുന്നു. ദുരന്തത്തിനിടെ ഞങ്ങൾ പുറത്തിറങ്ങി. മുകളിലെ നിലയിലായിരുന്നു മറ്റു മൂന്നുപേരും. അവരിൽ നീതു മാത്രം കാലിന് ചെറിയ പരിക്കോടെ രക്ഷെപ്പട്ടുവെന്നും പിന്‍റു പറയുന്നു.
കനത്ത മഴ തുടരുന്ന മുംബൈയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 20ൽ അധികം പേർ മരിച്ചിരുന്നു. മുംബൈയിലെ ചേംബൂരി, വിക്രോളി പാർക്ക് ഭാഗങ്ങളിലാണ് കനത്ത നാശം വിതച്ചത്. ഞായറാഴ്ച വെളുപ്പിനോടെയായിരുന്നു ഇവിടെ ദുരന്തം നാശംവിതച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.