ഭൂമി വില ഉയർത്തിക്കാണിച്ച് വായ്പ: എസ്.ബി.ഐ അസി.ജനറൽ മാനേജർ അടക്കം നാലുപേർ അറസ്റ്റിൽ
text_fieldsകൊച്ചി: ഭൂമിയുടെ വില ഉയർത്തിക്കാണിച്ച് ഏഴ് കോടിയോളം രൂപ വായ്പ അനുവദിച്ച സംഭവത്തിൽ എസ്.ബി.െഎ അസി.ജനറൽ മാനേജർ അടക്കം നാലുപേരെ സി.ബി.െഎ അറസ്റ്റ് ചെയ്തു. നിലവിൽ നവി മുംബൈയിലെ എസ്.ബി.െഎ ശാഖയിൽ ജോലി ചെയ്യുന്ന തൃശൂർ റീജനൽ ശാഖ മാനേജറായിരുന്ന രാധാകൃഷ്ണൻ നായർ, എസ്.ബി.െഎ കുന്നംകുളം ശാഖയിലെ വാേല്വറ്റർ സനോജ് പി. വിൻസൻറ്, റിലേഷൻഷിപ് മാനേജർ അപ്പുജോസ്, മാനേജ്മെൻറ് കൺസൽട്ടൻറ് വിനോദ് ദാമോദരൻ എന്നിവരെയാണ് സി.ബി.െഎ കൊച്ചി യൂനിറ്റ് സംഘം അറസ്റ്റ് ചെയ്തത്. നാലുപേരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
തിരുനാവായ സ്വദേശി എ.എം. ഷൗക്കത്തലിയുടെ വാടാനപ്പള്ളിയിലെ സ്ഥലം പണയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കൺസൽട്ടൻറായ വിനോദ് ദാമോദരൻ വഴിയാണ് ഷൗക്കത്തലി വായ്പക്ക് ബാങ്കിനെ സമീപിച്ചത്. അപേക്ഷ സ്വീകരിച്ചശേഷം വാേല്വറ്റർമാരായ സനോജ് പി. വിൻസൻറിനെയും എ.എം. ഷരീഫിനെയുമാണ് ഭൂമി വാേല്വഷന് ചുമതലപ്പെടുത്തിയത്.
ഇവർ രണ്ടുപേരും ഷൗക്കത്തലിയുടെ ഉടമസ്ഥതയിെല 46 സെൻറ് ഭൂമി വാേല്വഷൻ നടത്തി 15.11 കോടിയും 16കോടിയും വിലയുള്ളതായി കാണിച്ച് രണ്ട് വ്യത്യസ്ത റിപ്പോർട്ടുകൾ ബാങ്കിന് കൈമാറി. ഇതിെൻറ അടിസ്ഥാനത്തിൽ ബാങ്ക് ഷൗക്കത്തലിക്ക് ഏഴുകോടി രൂപയുടെ വായ്പ പാസാക്കുകയായിരുന്നു. അസി.ജനറൽ മാനേജറായിരുന്ന രാധാകൃഷ്ണൻ നായർ വഴിയായിരുന്നു വായ്പ പാസാക്കിയത്. തുടർന്ന്, ആദ്യഗഡുവായി ഒരുകോടി രൂപ 2015 മാർച്ചിൽ ഷൗക്കത്തലിക്ക് കൈമാറി.
എന്നാൽ, സെപ്റ്റംബറായപ്പോഴേക്കും തിരിച്ചടവ് മുടങ്ങി. പിന്നീട് ബാങ്കിെൻറ നിർദേശപ്രകാരം മറ്റ് വാേല്വറ്റർമാർ വാേല്വഷൻ നടത്തിയപ്പോഴാണ് കൃത്രിമം തെളിഞ്ഞത്. വാേല്വറ്ററായ എ.എം. ഷരീഫും വായ്പ എടുത്ത ഷൗക്കത്തലിയും നേരത്തേ ജാമ്യം നേടിയിരുന്നു. ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കാതെയാണ് കൂടുതൽ വായ്പ അനുവദിക്കാൻ കൂട്ടുനിന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി സി.ബി.െഎ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.