ഇലക്ടറൽ ബോണ്ട് വിവരങ്ങൾ എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമീഷന് കൈമാറി
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ എസ്.ബി.ഐ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. ഇന്ന് പ്രവൃത്തി സമയം അവസാനിക്കും മുമ്പ് വിവരങ്ങൾ കൈമാറണമെന്നായിരുന്നു ഇന്നലെ സുപ്രീംകോടതി നൽകിയ കർശന നിർദേശം. ഇതേതുടർന്ന് ഇന്ന് വൈകുന്നേരം 5.30ഓടെയാണ് വിവരങ്ങൾ കൈമാറിയത്. ഈ വിവരങ്ങൾ മാർച്ച് 15നകം തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. മാത്രമല്ല, മുദ്രവെച്ച കവറിൽ സുപ്രീംകോടതിയിൽ നൽകിയ വിവരങ്ങളും തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിടും.
ബി.ജെ.പി കോടികൾ സമാഹരിച്ച ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ വിശദാംശങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പുറത്തുവരാതിരിക്കാനായിരുന്നു ശ്രമം. ഇതിനായി ഇലക്ടറൽ ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ സമയം നീട്ടി നൽകണമെന്ന എസ്.ബി.ഐയുടെ അപേക്ഷ ഇന്നലെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് തള്ളുകയായിരുന്നു. ഇന്ന് വിവരങ്ങൾ കൈമാറിയില്ലെങ്കിൽ എസ്.ബി.ഐ ചെയർമാനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും ഭരണഘടന ബെഞ്ച് നൽകിയിരുന്നു.
കോർപറേറ്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് നൽകാവുന്ന സംഭാവനയാണ് ഇലക്ടറൽ ബോണ്ടുകൾ. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇതിലൂടെ എത്ര രൂപ വേണമെങ്കിലും സംഭാവന നൽകാനാവും. ആരാണ് പണം നൽകിയതെന്ന് പാർട്ടികൾക്ക് വെളിപ്പെടുത്തേണ്ടതില്ല. എന്നാൽ, ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി ഫെബ്രുവരി 15ന് സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കുകയായിരുന്നു. 2019 ഏപ്രിൽ 12 മുതൽ റദ്ദാക്കിയ 2024 ഫെബ്രുവരി 15 വരെയുള്ള 22,217 ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങളാണ് സുപ്രീംകോടതി ഇടപെടലിൽ പുറത്തുവരിക.
കഴിഞ്ഞ സാമ്പത്തിക വർഷം സംഭാവനയായി ഇലക്ടറൽ ബോണ്ടുകൾ ഏറ്റവും കൂടുതൽ കിട്ടിയത് ഭരണകക്ഷിയായ ബി.ജെ.പിക്കാണ്. 2022-23ൽ 1,300 കോടി രൂപയാണ് ബി.ജെ.പി സംഭാവന പിരിച്ചത്. കോൺഗ്രസിന് കിട്ടിയതിന്റെ ഏഴിരട്ടി തുകയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.