എസ്.സി, എസ്.ടി ഉപവർഗീകരണം: സംസ്ഥാനത്തിന് അധികാരമുണ്ടോ? സുപ്രീംകോടതിയിൽ വാദം ആരംഭിച്ചു
text_fieldsന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സർക്കാർ ജോലികൾക്കും സംവരണം നൽകാൻ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ ഉപവർഗീകരണം നടത്താൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരമുണ്ടോയെന്ന വിഷയത്തിൽ സുപ്രീംകോടതിയിൽ വാദമാരംഭിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
സർക്കാർ ജോലികളിൽ പട്ടികജാതി വിഭാഗങ്ങൾക്കുള്ള ക്വോട്ടയിൽ വാത്മീകി, മസ്ഹാബി സിഖ് വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണവും പ്രഥമ പരിഗണനയും നൽകുന്ന 2006ലെ പഞ്ചാബ് പട്ടിക ജാതി, പിന്നാക്ക വിഭാഗ നിയമത്തിന്റെ സാധുതയും കോടതി പരിശോധിക്കും. നിയമത്തിനെതിരായ 2010ലെ പഞ്ചാബ് ഹൈകോടതി വിധി ചോദ്യം ചെയ്ത് പഞ്ചാബ് സർക്കാർ സമർപ്പിച്ചതുൾപ്പെടെ 23 ഹരജികളാണ് കോടതിയുടെ മുമ്പാകെയുള്ളത്.
വാത്മീകി, മസ്ഹാബി സിഖ് വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം നൽകാനുള്ള പഞ്ചാബ് നിയമത്തിലെ അനുച്ഛേദം 4(5) ഭരണഘടനാ വിരുദ്ധമെന്ന് കണ്ട് പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതി റദ്ദാക്കിയിരുന്നു. ഇ.വി. ചിന്നയ്യയും ആന്ധ്രപ്രദേശ് സർക്കാറുമായുള്ള കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2004ൽ പുറപ്പെടുവിച്ച വിധിക്കെതിരാണ് നിയമമെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പട്ടികജാതിയെ ഉപവിഭാഗങ്ങളായി തരംതിരിക്കുന്നത് തുല്യത ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരെയാണ് പഞ്ചാബ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2020 ആഗസ്റ്റ് 27ന് ചിന്നയ്യക്കേസിലെ ഉത്തരവിനോട് വിയോജിക്കുകയും വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.