കഫീല്‍ ഖാന്‍റെ ജാമ്യഹരജിയിൽ 15 ദിവസത്തിനുള്ളിൽ തീരുമാനം വേണം -സുപ്രീംകോടതി
text_fields
ന്യൂഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തകനും ശിശുരോഗ വിദഗ്ധനുമായ ഡോ. കഫീല്‍ ഖാന്‍റെ ജാമ്യഹരജി അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ. 15 ദിവസത്തിനുള്ളിൽ കഫീലിന്‍റെ ജാമ്യഹരജിയിൽ തീരുമാനമെടുക്കണമെന്ന് അലഹബാദ് ഹൈകോടതിയോട് സുപ്രീംകോടതി നിർദേശിച്ചു.
കഫീൽ ഖാന് ജാമ്യം നൽകണമോ ഇല്ലയോ എന്ന് ഹൈകോടതി പരിശോധിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കഫീല്‍ ഖാന്‍റെ ജാമ്യഹരജി അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാൻ കുടുംബം തീരുമാനിച്ചിരുന്നു. നേരത്തേ, കഫീൽ ഖാന്‍റെ മോചനത്തിനു വേണ്ടി സമര്‍പ്പിച്ച ഹരജിയിൽ അലഹബാദ് ഹൈകോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്.
കേസ് കേള്‍ക്കുന്നത് 10 ദിവസം വീണ്ടും നീട്ടിവെക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അലഹബാദ് ഹൈകോടതി ബെഞ്ച് 14 ദിവസം നീട്ടിനല്‍കുകയായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ ദേശസുരക്ഷ നിയമത്തിന്റെ (എന്‍.എസ്.എ) കാലാവധി ആഗസ്റ്റ് 12ന് തീരാനിരിക്കെ മൂന്നു മാസത്തേക്കു കൂടി നീട്ടി അന്യായ തടങ്കല്‍ നീട്ടാനാണ് യോഗി സര്‍ക്കാര്‍ സമയം വാങ്ങിയതെന്ന് കഫീലിെൻറ കുടുംബം കുറ്റപ്പെടുത്തിയിരുന്നു.
പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 2019 ഡിസംബർ 12ന് അലിഗഡ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് ഡോ. കഫീൽ ഖാൻ അറസ്റ്റിലായത്. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹത്തെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) പിടികൂടിയത്. ഇതിനു ശേഷം ഇദ്ദേഹം നിരവധി തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നീട്ടിവെക്കുകയായിരുന്നു. കഫീലിന്‍റെ കേസ് കേൾക്കേണ്ട ബെഞ്ചിൽ നിന്ന് ജഡ്ജിമാർ പിന്മാറുന്നതും പതിവാണ്. ഹരജി കേൾക്കുന്ന ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് ശശികാന്ത് ഗുപ്ത ഈയിടെ കേസിൽ നിന്ന് പിൻമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.