ലജ്പത് നഗർ ബോംബ് സ്ഫോടനക്കേസ്: നാലു പ്രതികൾക്ക് ജീവപര്യന്തം
text_fieldsന്യൂഡൽഹി: 27 വർഷം മുമ്പ് നടന്ന ലജ്പത് നഗർ ബോംബ് സ്ഫോടനക്കേസിൽ നാലു പ്രതികൾക്കും സുപ്രീംകോടതി ജീവപര്യന്തം തടവ് വിധിച്ചു. മുഹമ്മദ് നൗഷാദ്, മിർസ നിസാർ ഹുസൈൻ എന്ന നാസ, മുഹമ്മദ് അലി ഭട്ട് എന്ന കില്ലി, ജാവേദ് അഹമ്മദ് ഖാൻ എന്നിവരെയാണ് ശിക്ഷിച്ചത്.
വിചാരണകോടതി വധശിക്ഷക്കു വിധിച്ച മിർസ നിസാർ ഹുസൈൻ, മുഹമ്മദ് അലി ഭട്ട് എന്നിവരെ പിന്നീട് ഡൽഹി ഹൈകോടതി വെറുതെവിട്ടിരുന്നു. ഇവരുടെ ശിക്ഷയും സുപ്രീംകോടതി പുനഃസ്ഥാപിച്ചു. എന്നാൽ, ഇവർക്കും ജീവപര്യന്തമാണ് വിധിച്ചത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി.
ശിക്ഷ അനുഭവിക്കാൻ ഇരുവരോടും ഉടൻ കീഴടങ്ങാനും ഉത്തരവിട്ടു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രംനാഥ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ഡൽഹി ഹൈകോടതി വിധിക്കെതിരെ മുഹമ്മദ് നൗഷാദും ജാവേദ് അഹമ്മദ് ഖാനും നൽകിയ അപ്പീലുകളും വധശിക്ഷ റദ്ദാക്കിയ ഡൽഹി ഹൈകോടതിയുടെ വിധി ചോദ്യം ചെയ്ത് സർക്കാർ നൽകിയ പ്രത്യേക അനുമതി ഹരജികളുമാണ് കോടതി പരിഗണിച്ചത്.
ഒരു ദശാബ്ദത്തിലേറെയായി ഈ അപ്പീലുകൾ സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു. 1996 മേയ് 21നായിരുന്നു സ്ഫോടനം. സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2010 ഏപ്രിൽ 22നാണ് വിചാരണകോടതി ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.