വിദ്യാർഥി ആത്മഹത്യയിൽ സുപ്രീംകോടതി ഇടപെടൽ; മുഴുവൻ സർവകലാശകളിലെയും ജാതി വിവേചനത്തെക്കുറിച്ച വിവരങ്ങൾ സമർപ്പിക്കാൻ നിർദേശം
text_fieldsന്യൂഡൽഹി: ജാതി പീഡനം വിദ്യാർത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് സംബന്ധിച്ച ഹരജി പരിഗണിച്ച സുപ്രീംകോടതി രാജ്യവ്യാപകമായി കേന്ദ്ര, സംസ്ഥാന, കൽപിത സർവകലാശാലകളിൽ ജാതി വിവേചനത്തെക്കുറിച്ച് ലഭിച്ച പരാതികളുടെ എണ്ണം സമർപ്പിക്കാൻ യൂനിവേഴ്സിറ്റി ഗ്രാൻ്റ്സ് കമീഷനോട് ആവശ്യപ്പെട്ടു.
2019ൽ ജാതി പീഡനം മൂലം കാമ്പസുകളിൽ ആത്മഹത്യ ചെയ്ത പി.എച്ച്.ഡി വിദ്യാർഥിയായ രോഹിത് വെമുലയുടെയും റസിഡൻ്റ് ഡോക്ടർ പായൽ തദ്വിയുടെയും അമ്മമാർ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്.
യു.ജി.സി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇക്വിറ്റി പ്രൊമോഷൻ റെഗുലേഷൻസ് 2012 അനുസരിച്ച്, സർവകലാശാലകൾ സ്ഥാപിച്ച തുല്യ അവസര സെല്ലുകളുടെ എണ്ണം ക്രോഡീകരിച്ച് സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററോടും ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമപരമായ വിവേചന വിരുദ്ധ ചട്ടങ്ങൾ നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് നാലാഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോടും നാഷണൽ അസസ്‌മെൻ്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിനോടും (നാക്) ജസ്റ്റിസുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
2004 നും 2024 നും ഇടയിൽ ഐ.ഐ.ടികളിൽ മാത്രം കുറഞ്ഞത് 115 വിദ്യാർത്ഥി ആത്മഹത്യകൾക്ക് സാക്ഷ്യം വഹിച്ചതായി ഹരജിക്കാർക്ക് വേണ്ടി ഹാജറായ മുതിർന്ന അഭിഭാഷകരായ ഇന്ദിര ജെയ്‌സിങ്ങും ഡി.വഡേക്കറും കോടതിയെ അറിയിച്ചു. എന്നാൽ, ഇതിൽ എത്രയെണ്ണം ജാതി വിവേചനവുമായി ബന്ധപ്പെട്ടതാണെന്ന് അവർ വ്യക്തമാക്കിയില്ല. അതിനാൽ, ഈ ആത്മഹത്യകളുടെ ജാതി തിരിച്ചുള്ള വിഭജനവും ജാതി അടിസ്ഥാനത്തിലുള്ള പീഡന പരാതികളുടെ ഡേറ്റയും സമർപ്പിക്കാൻ യു.ജി.സിയോട് കോടതി നിർദേശിച്ചു.
ഇതിലെ ‘സെൻസിറ്റിവിറ്റി‘ കോടതി മനസ്സിലാക്കിയതായും കാമ്പസുകളിലെ ജാതി വിവേചനം തടയാൻ ഉദ്ദേശിച്ചുള്ള നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇടക്കിടെ വിഷയം കേൾക്കുമെന്നും ജസ്റ്റിസ് കാന്ത് ജെയ്സിങ്ങിനോടു പറഞ്ഞു. 2019 സെപ്റ്റംബറിൽ കേന്ദ്രത്തിനും യു.ജി.സിക്കും ‘നാക്കി’നും കോടതി നോട്ടീസ് അയച്ചെങ്കിലും ഇതുവരെ ശരിയായ പ്രതികരണം നൽകിയിട്ടില്ലെന്ന് ജെയ്‌സിങ് പരാതിപ്പെട്ടു.
ജാതി വിവേചനം തടയാൻ പുതിയ മാർഗനിർദേശങ്ങളും ചട്ടങ്ങളും റെഗുലേറ്റർ പുറത്തിറക്കിയതായി യു.ജി.സി അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചപ്പോൾ ഇവയുടെ വിശദാംശങ്ങൾ അടുത്ത ഹിയറിങ്ങിന് മുമ്പാകെ സമർപ്പിക്കാൻ ബെഞ്ച് ആവശ്യപ്പെട്ടു. 2023ൽ നടന്ന ഹിയറിങ്ങിൽ ജാതി വിവേചനം തടയാൻ ചട്ടക്കൂടിനു പുറത്ത് പരിഹാരങ്ങൾ കൊണ്ടുവരാൻ കോടതി യു.ജി.സിയോട് ആവശ്യപ്പെട്ടിരുന്നു. മറ്റുള്ള വിദ്യാർത്ഥികളുമായി പൊരുത്തപ്പെടാനാവുന്നില്ലെങ്കിൽ ചില വിദ്യാർത്ഥികൾ കോളജുകളിൽ നിന്ന് പുറത്തുപോകാനിടയുള്ളതിനാൽ വിവേചനമില്ലെന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി, ചില പരിഹാരങ്ങൾ ആവശ്യമാണെന്നും ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് എം.എം. സുന്ദ്രേഷ് എന്നിവർ യു.ജി.സി അഭിഭാഷകൻ മനോജ് രഞ്ജൻ സിൻഹയോട് വാക്കാൽ പറഞ്ഞിരുന്നു.
2016 ജനുവരിയിലാണ് ഹൈദരാബാദ് സർവ്വകലാശാലയിൽ അംബേദ്കറൈറ്റ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്. ആദിവാസി വിദ്യാർത്ഥിനിയായ തദ്വി 2019ൽ മുംബൈയിലെ തൻ്റെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു. മൂന്ന് ഡോക്ടർമാരുടെ പേരുകളും അവർ തന്നെ ഉപദ്രവിച്ചെന്ന് ആരോപിച്ചുവെന്നുമുള്ള ഒരു കുറിപ്പ് ബാക്കിവെച്ചാണ് തദ്വി ജീവനൊടുക്കിയത്.
രണ്ട് ആത്മഹത്യകളും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും കഴിഞ്ഞ ദശകത്തിൽ രാജ്യം ഇത്തരം സംഭവങ്ങളുടെ പരമ്പരക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ന്യൂഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾ അവരുടെ സമപ്രായക്കാരിൽ നിന്നും അധ്യാപകരിൽ നിന്നും ആസൂത്രിതമായി അപമാനിക്കപ്പെട്ടതായും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.