തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം; സുപ്രീംകോടതി പ്രകടിപ്പിച്ചത് കടുത്ത ആശങ്ക
text_fieldsന്യൂഡൽഹി: പുതിയ തെരഞ്ഞെടുപ്പ് കമീഷണർമാരെ തിരക്കിട്ട് നിയമിച്ച നടപടിയിൽ സുപ്രീംകോടതി പ്രകടിപ്പിച്ചത് കടുത്ത ആശങ്ക. ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സിങ് സന്ധുവിനെയും തെരഞ്ഞെടുപ്പ് കമീഷണർമാരായി നിയമിച്ചതിനെ സ്റ്റേ ചെയ്തില്ലെങ്കിലും നിയമനപ്രക്രിയയിൽ കടുത്ത ആശങ്കയാണ് കേസ് വ്യാഴാഴ്ച പരിഗണിച്ചപ്പോൾ സുപ്രീംകോടതി രേഖപ്പെടുത്തിയത്.
സുപ്രീംകോടതി ഉത്തരവിന്‍റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസമാണ് ലഭ്യമായത്. ഇതിൽ, തെരഞ്ഞെടുപ്പ് കമീഷണർമാരായി നിയമിക്കാൻ പരിഗണനയിലുണ്ടായിരുന്നവരുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് സമിതിയിലെ എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കാത്തത് സംബന്ധിച്ച് കോടതി കടുത്ത ആശങ്കയുന്നയിച്ചിട്ടുണ്ട്. സെലക്ഷൻ പാനലിൽ പ്രതിപക്ഷത്തു നിന്നുള്ള ഒരേയൊരു അംഗം കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ്. പുതിയ കമീഷണർമാരുടെ നിയമനത്തിന് മുമ്പേതന്നെ നിയമന പ്രക്രിയയിലുള്ള തന്‍റെ വിയോജിപ്പ് ഇദ്ദേഹം പരസ്യമാക്കിയിരുന്നു. ചുരുക്കപ്പട്ടിക തനിക്ക് മുൻകൂട്ടി നൽകിയിരുന്നില്ലെന്ന് ചൗധരി പറഞ്ഞു. സെലക്ഷൻ കമ്മിറ്റി യോഗത്തിന് ഒരു ദിവസം മുമ്പ് മാത്രമാണ് 212 പേരുടെ ഒരു പട്ടിക തനിക്ക് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പൊതുതെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന പശ്ചാത്തലത്തിൽ കമീഷണർമാരുടെ നിയമനം സ്റ്റേ ചെയ്യുന്നില്ലെന്നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയത്. എന്നാൽ, രണ്ട് മണിക്കൂർകൊണ്ട് 200 പേരുകളിൽ നിന്ന് രണ്ടുപേരെ തെരഞ്ഞെടുപ്പ് കമീഷണർമാരായി നിയമിക്കുന്നതെങ്ങനെയെന്ന് കോടതി കേന്ദ്ര സർക്കാറിനോട് ചോദിച്ചു. കമീഷണർമാരെ തിരക്കിട്ട് നിയമിച്ച നടപടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. നിയമന പ്രക്രിയയിൽ കേന്ദ്ര സർക്കാർ കൂടുതൽ സുതാര്യമാവേണ്ടതുണ്ട്. നീതി ചെയ്താൽ പോരാ, നീതി ചെയ്തതായി കാണിക്കണമെന്നും കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസിനുപകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കാബിനറ്റ് മന്ത്രിയെ സെലക്ഷൻ കമ്മിറ്റി അംഗമാക്കിയ വിവാദ നിയമത്തിന്റെ ഭരണഘടനാ സാധുതയും നിയമന പ്രക്രിയയിലെ സുതാര്യതയും പരിശോധിക്കാൻ കോടതി തീരുമാനിച്ചിരിക്കുകയാണ്. ഹരജികളിൽ മറുപടി സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന് ആറാഴ്ച സമയമാണ് നൽകിയത്.
പ്രധാനമന്ത്രി അധ്യക്ഷനായ പുതിയ സെലക്ഷൻ കമ്മിറ്റിയിൽ ഒരു പ്രതിപക്ഷ അംഗം മാത്രമാണുള്ളത്. തെരഞ്ഞെടുപ്പ് കമീഷന്‍റെ നിഷ്പക്ഷത ഉറപ്പാക്കാൻ സർക്കാറിന് ആധിപത്യമില്ലാത്ത ഒരു സമിതി വേണമെന്ന് കഴിഞ്ഞ വർഷം സുപ്രീംകോടതി നിർദേശിച്ചിരുന്നു. നിലവിലെ സമിതി ഈ വിധി ലംഘിക്കുന്നതാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നേതാവ് ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) തുടങ്ങിയവരാണ് തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചിരുന്നത്. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കാബിനറ്റ് മന്ത്രിയെ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതിയെയും ഹരജിയിൽ ചോദ്യംചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.