എം.പി, എം.എൽ.എമാരുടെ സ്വത്ത്: റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശം
text_fieldsന്യൂഡൽഹി: പല എം.പിമാരുടെയും എം.എൽ.എമാരുടെയും സ്വത്ത് ക്രമാതീതമായി വർധിച്ചത് കോടതിയുടെ നിരീക്ഷണത്തിൽ. ചില മുതിർന്ന നേതാക്കളടക്കം 289 നിയമനിർമാണ സഭാംഗങ്ങളുടെ ആസ്തി വളർച്ചയെക്കുറിച്ച് നടത്തിയ അന്വേഷണ നടപടികളുടെ വിശദാംശങ്ങൾ അടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.
അഞ്ചു വർഷത്തിനിടയിൽ 500 ശതമാനത്തിലേറെയായി സ്വത്ത് പെരുകിയ ചില എം.പി, എം.എൽ.എമാരുടെ കാര്യവും ഇതിൽ ഉൾപ്പെടുന്നു. വസ്തുവിെൻറ മതിപ്പു വില കൂടിയത്, ബിസിനസ് വളർച്ച എന്നിവ കാരണമായി ചിലരെങ്കിലും വാദിച്ചതു കണക്കിലെടുക്കാതെയാണ് കോടതി നിർദേശം. നിയമാനുസൃത മാർഗങ്ങളിലൂടെയാണോ സ്വത്ത് സമ്പാദിച്ചതെന്ന കാര്യത്തിൽ അന്വേഷണം ആവശ്യമാണെന്ന് ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, എസ്. അബ്ദുൽ നസീർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. വിവരങ്ങൾ പങ്കുവെക്കാൻ സർക്കാർ മടികാട്ടുന്നതിനെ സുപ്രീംകോടതി വിമർശിച്ചു. റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ക്രമാതീതമായി സ്വത്ത് പെരുകിയ രാഷ്ട്രീയക്കാരെക്കുറിച്ച് അന്വേഷണം ആവശ്യെപ്പട്ട് ഒരു സന്നദ്ധ സംഘടന 2015 ജൂണിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന് നിവേദനം നൽകിയിരുന്നെങ്കിലും കേന്ദ്രം തണുപ്പൻ മട്ടിലാണ് പ്രതികരിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം നടന്നതുതന്നെയില്ല. അസോസിയേഷൻ ഒാഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന തയാറാക്കിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നിവേദനം സമർപ്പിക്കപ്പെട്ടത്. 2009, 2014 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച ആസ്തി വിശദാംശങ്ങൾ ക്രോഡീകരിച്ചാണ് സംഘടന റിപ്പോർട്ട് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.