കേശവാനന്ദ ഭാരതി കേസ് വിധിയുടെ സമ്പൂർണ വിവരങ്ങൾ പ്രസിദ്ധീകരിച്ച് സുപ്രീംകോടതി
text_fieldsഭരണഘടനയുടെ അടിസ്ഥാനഘടനയെ മാറ്റുന്നതാകരുത് ഒരു ഭരണഘടനാഭേദഗതിയുമെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുന്നതാണ് 1973ലെ വിധി
ന്യൂഡൽഹി: ഭരണഘടനയുടെ അടിസ്ഥാനഘടന മാറ്റിമറിക്കുന്ന നിയമനിർമാണം നടത്താൻ പാർലമെന്റിനു പോലും അധികാരമില്ലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഉറപ്പിച്ച്പറഞ്ഞ കേശവാനന്ദ ഭാരതി കേസിലെ ചരിത്രവിധിയുടെ അര നൂറ്റാണ്ടിൽ, വിധിയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക വെബ് പേജ് പുറത്തിറക്കി പരമോന്നത കോടതി. ജനാധിപത്യമെന്നത് കേവലം ഭൂരിപക്ഷത്തിന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റിമറിക്കാനുള്ളതല്ലെന്നും മറിച്ച്, ഭരണഘടനയുടെ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ നിലനിൽക്കേണ്ടതാണെന്നും, 1973ൽ 13 അംഗ ഭരണഘടന ബെഞ്ചാണ് ചരിത്രവിധി പുറപ്പെടുവിച്ചത്. ഇന്ത്യയുടെ പാർലമെന്റിന് ഭരണഘടനഭേദഗതി നടത്താമെന്നും എന്നാലിത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാവരുതെന്ന് വിധി വ്യക്തമാക്കുന്നു.
‘‘ഗവേഷക വിദ്യാർഥികൾക്കും മറ്റുള്ളവർക്കുമെല്ലാം ലഭിക്കുന്ന തരത്തിൽ കേശവാനന്ദ ഭാരതി കേസിന്റെ വിശദവിവരങ്ങൾ അടങ്ങിയ വെബ് പേജ് ഞങ്ങൾ സമർപ്പിക്കുന്നു. 50 വർഷംമുമ്പ് 1973 ഏപ്രിൽ 24ന് ഇതേ ദിവസമാണ് കേശവാനന്ദ ഭാരതി കേസ് വിധി പുറപ്പെടുവിപ്പിച്ചത്’’ -ചരിത്രവിധിയോടുള്ള ആദരസൂചകമായാണ് ഈ നടപടിയെന്ന ആമുഖത്തോടെ തിങ്കളാഴ്ച കോടതി ചേർന്ന ഉടൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് കോടതിഹാളിലെ അഭിഭാഷകരോടായി പറഞ്ഞു. 13 ജഡ്ജിമാരുടെയും അഭിപ്രായങ്ങൾ വെവ്വേറെ തന്നെ വെബ്പേജിൽ വിശദമായി വിവരിച്ചിട്ടുണ്ട്.
ഭൂപരിഷ്കരണനിയമത്തിലൂടെ തന്റെ ഭൂമി ഏറ്റെടുത്ത കേരളസർക്കാർ നടപടിക്കെതിരെ ഇടനീര് മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി സുപ്രീംകോടതിയിൽ നൽകിയ ഹരജിയാണ് വിധിക്കാധാരം. മുതിർന്ന അഭിഭാഷകൻ നാനി പല്ക്കീവാല കേശവാനന്ദ ഭാരതിക്ക് വേണ്ടി ഹാജരായി.
കേസ് പരിഗണിച്ച് കോടതി നടത്തിയ വിധി, ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ പ്രാധാന്യവും ചിരഭാവവും വിശദീകരിക്കുന്ന നാഴികക്കല്ലായി മാറുകയായിരുന്നു.
ഭരണഘടനയുടെ ഏതു ഭാഗവും പാർലമെന്റിന് ഭേദഗതി ചെയ്യാം. എന്നാൽ, ഭരണഘടനാ കോടതികൾക്ക് സൂക്ഷ്മപരിശോധന നടത്താനുള്ള അധികാരത്തിൽനിന്ന് ഇത്തരം ഭേദഗതികൾക്ക് സംരക്ഷണമില്ല. മൗലികാവകാശങ്ങളെ ബാധിക്കുന്നവ മാത്രമല്ല, എല്ലാ ഭേദഗതികളും ഭരണഘടനാ കോടതിയുടെ പുനഃപരിശോധനക്ക് വിധേയമാക്കാം.
ആറിനെതിരെ ഏഴു ജഡ്ജിമാരുടെ ഭൂരിപക്ഷത്തിനാണ് വിധിയുണ്ടായത്. ഭരണഘടനയുടെ അപ്രമാദിത്വം, ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും, അധികാര വിഭജനം, ഭരണഘടനയുടെ മതേതര സ്വഭാവം, സ്വതന്ത്ര നീതിന്യായവ്യവസ്ഥ, സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ, മൗലികമായ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും തുടങ്ങിയവയെ ഈ വിധിയിലും പിന്നീടായും, ഭരണഘടനയുടെ അടിസ്ഥാനഘടനയെന്ന നിർവചനത്തിൽ സുപ്രീംകോടതി എണ്ണി. ചീഫ് ജസ്റ്റിസ് എസ്.എം. സിക്രി അധ്യക്ഷനായ ഭരണഘടന ബെഞ്ചിൽ നിലവിലെ ചീഫ് ജസ്റ്റിസിന്റെ പിതാവ് വൈ.വി ചന്ദ്രചൂഢും അംഗമായിരുന്നു എന്ന കൗതുകവുമുണ്ട്.
ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ളവയെന്ന് ആരോപണമുയർന്ന പല പ്രസ്താവനകളും നടപടികളും കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിധിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് സുപ്രീംകോടതി കേശവാനന്ദ ഭാരതി വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.