വീട്ടുതടങ്കലിലെ പൊലീസ് സംരക്ഷണം: ഗൗതം നവ് ലാഖ എട്ട് ലക്ഷം കൂടി നൽകണമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: എൽഗർ പരിഷത്ത് കേസിൽ വീട്ടുതടങ്കലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയുടെ സുരക്ഷയ്ക്കായി പോലീസുകാരെ ലഭ്യമാക്കുന്നതിന് എട്ട് ലക്ഷം രൂപ കൂടി കെട്ടിവയ്ക്കാൻ സുപ്രീം കോടതി നിർദ്ദേശം. കഴിഞ്ഞ വർഷം നവംബർ 10 ന് വീട്ടുതടങ്കൽ അനുവദിച്ച സുപ്രീം കോടതി, പൊലീസ് സംരക്ഷണം ലഭ്യമാക്കുന്നതിന് സംസ്ഥാനം വഹിക്കേണ്ട ചെലവായി 2.4 ലക്ഷം രൂപ കെട്ടിവയ്ക്കാൻ നവ്‌ലാഖയോട് നിർദ്ദേശിച്ചിരുന്നു.
ഈ ഇനത്തിൽ മൊത്തം 66 ലക്ഷം രൂപയുടെ ബിൽ കെട്ടിക്കിടക്കുന്നതായി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു. നവ് ലാഖ വീട്ടുതടങ്കലിൽ കഴിയുന്ന മുംബൈയിലെ പബ്ലിക് ലൈബ്രറിയിൽ നിന്ന് നഗരത്തിലെ മറ്റൊരിടത്തേക്ക് മാറ്റണമെന്ന നവ് ലാഖയുടെ ഹർജിയിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നും രാജുവിനോട് സുപ്രീം കോടതി നിർദേശിച്ചു.
45 മിനിറ്റ് നടക്കാനുള്ള നവ്‌ലാഖയുടെ അഭ്യർത്ഥനയിൽ നിർദ്ദേശങ്ങൾ തേടുമെന്നും രാജു പൊലീസുകാരും അദ്ദേഹത്തിനൊപ്പം നടക്കാൻ നിർബന്ധിതരാവുമെന്നും പറഞ്ഞു.
എൽഗാർ പരിശത്ത് കേസുമായി ബന്ധപ്പെട്ട് നവി മുംബൈയിലെ തലോജ ജയിലിൽ തടവിലായിരുന്ന നവ്‌ലാഖയെ ആരോഗ്യനില വഷളായതിനെ തുടർന്ന് വീട്ടുതടങ്കലിൽ പാർപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.