ബ്ലൂവെയിൽ ഗെയിമിനെതിരെ പരിപാടികൾ സംപ്രേഷണം ചെയ്യണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബ്ലൂവെയിൽ ഗെയിമിന്‍റെ അപകടത്തിനെതിരെ ബോധവത്കരണ പരിപാടികൾ സംപ്രേഷണം ചെയ്യണമെന്ന് ദൂരദർശനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അപകടകരമായ ഗെയിമിനെതിരെ പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ ആവശ്യപ്പെട്ടത്. ജീവന് ഭീഷണിയാവുന്ന എല്ലാം ഒഴിവാക്കണ്ടത് തന്നെയാണെന്ന നിരീക്ഷണവും കോടതി നടത്തി. പരിപാടി തയ്യാറാക്കാൻ ഒരാഴ്ചത്തെ സമയവും കോടതി അനുവദിച്ചു.
10 മിനുട്ടിൽ കുറയാതെയുള്ള പരിപാടികളാണ് നിർമ്മിക്കേണ്ടത്. ആഭ്യന്തര വകുപ്പ്, വനിതാ-ശിശു ക്ഷേമ വിഭാഗം, മാനവ വിഭവശേഷി വിഭാഗം, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവരുമായി കൂടി ആലോചിച്ചു വേണം സ്ക്രിപ്റ്റ് തയ്യാറാക്കാനെന്നും കോടതി നിർദേശിച്ചു. കുട്ടികളെയും മാതാപിതാക്കളെയും ഇതിലൂടെ ബോധവത്കരിക്കാനാവണം. മറ്റ് സ്വാകാര്യ ചാനലുകൾക്ക് പരിപാടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
അഡീഷണൽ സോളിസിറ്റർ ജനറലിന്‍റെ പി.എസ് നരസിംഹയുടെ നേതൃത്വത്തിൽ ഐ.ടി മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ 28 കേസുകളോളം ബ്ലൂവെയിലുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു. എല്ലാ ഒാൺലൈൻ പ്ലാറ്റ് ഫോമുകൾക്കും ഗെയിം സംബന്ധിച്ച് വിവങ്ങൾ ശേഖരിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും പി.എസ് നരസിംഹ പറഞ്ഞു. കേസിൽ വാദം കേൾക്കൽ നവംബർ 15ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.