അയോധ്യ: പള്ളി നിർമാണ സമിതിയിൽ സർക്കാർ പ്രതിനിധികൾ വേണമെന്ന ഹരജി തള്ളി
text_fieldsന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്ന ഭൂമി രാമക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുത്തപ്പോൾ, പകരം നൽകിയ ഭൂമിയിൽ പള്ളി നിർമിക്കാൻ രൂപവത്കരിച്ച സമിതിയിൽ സർക്കാർ പ്രതിനിധികൾ വേണമെന്ന ഹരജി തള്ളി.
അയോധ്യ നഗരത്തിൽ നൽകിയ അഞ്ചേക്കർ ഭൂമിയിൽ പള്ളി നിർമിക്കാനായി രൂപവത്കരിച്ച ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷനിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഓരോ പ്രതിനിധികൾ വേണമെന്ന, രണ്ട് അഭിഭാഷകരുടെ ഹരജിയാണ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളിയത്.
ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡിലെ സ്വകാര്യ വ്യക്തികൾക്കു പകരം സർക്കാർ പ്രതിനിധികൾ കൂടി ഉണ്ടെങ്കിൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട ധനവിനിയോഗത്തിൽ സുതാര്യത ഉറപ്പുവരുത്താനാകൂ എന്നായിരുന്നു ഹരജിക്കാരുടെ വാദം.
ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ എന്ന പേരിൽ ഇക്കഴിഞ്ഞ ജൂലൈയിലാണ് സുന്നി വഖഫ് ബോർഡ് കമ്മിറ്റി രൂപവത്കരിച്ചത്. പള്ളിക്കു പുറമെ സാംസ്കാരിക-ഗവേഷണ കേന്ദ്രവും ഒപ്പം ആശുപത്രിയും സമൂഹ അടുക്കളയും ലൈബ്രറിയും അടങ്ങുന്ന സമുച്ചയം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.