ദത്തെടുക്കൽ പ്രക്രിയയിലെ കാലതാമസം ഉയർത്തിക്കാട്ടി സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ദത്തെടുക്കൽ പ്രക്രിയയിലെ കാലതാമസം ഉയർത്തിക്കാട്ടി സുപ്രീം കോടതി. മെച്ചപ്പെട്ട ജീവിതത്തിനായി നിരവധി കുട്ടികൾ ദത്തെടുക്കലിനായി കാത്തിരിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു.
ഇന്ത്യയിൽ കുട്ടികളെ ദത്തെടുക്കുന്നതിനുള്ള നിയമനടപടികൾ ലഘൂകരിക്കണമെന്നതുൾപ്പെടെ രണ്ട് ഹരജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കാലതാമസത്തെ വിമർശിച്ചത്.
എന്തുകൊണ്ടാണ് സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി ദത്തെടുക്കൽ തടസപ്പെടുത്തുന്നത്? മെച്ചപ്പെട്ട ജീവിതത്തിന്റെ പ്രതീക്ഷയിൽ നൂറുകണക്കിന് കുട്ടികൾ ദത്തെടുക്കലിനായി കാത്തിരിക്കുകയാണ്- ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
വിഷയത്തിൽ തങ്ങളുടെ സത്യവാങ്മൂലം തയ്യാറാണെന്നും അത് സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു. ദത്തെടുക്കൽ പ്രക്രിയ ലഘൂകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുടെ ദത്തെടുക്കൽ പ്രക്രിയ കൂടുതൽ സങ്കീർണമാണെന്നും അദ്ദേഹം പറഞ്ഞു.
ദത്തെടുക്കാൻ തയാറുള്ള ധാരാളം ആളുകൾ ഉണ്ട്. അവരിൽ പലരും നല്ല ആളുകളാണെന്നും ഇത് ഒരു മാനുഷിക കാര്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
പ്രതിവർഷം 4000 ദത്തെടുക്കൽ മാത്രമാണ് രാജ്യത്ത് നടക്കുന്നതെന്ന് ഒരു ഹരജിയെ പരാമർശിച്ച് ബെഞ്ച് പറഞ്ഞു. ദത്തെടുക്കൽ പ്രക്രിയയിലെ ബുദ്ധിമുട്ട് പരാമർശിച്ച ഹരജിക്കാരിൽ ഒരാൾ ഇന്ത്യ ലോകത്തിന്റെ അനാഥ തലസ്ഥാനമായി മാറിയെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.