പ്രവാസി വോട്ട്: ഒരാഴ്ചക്കകം കേന്ദ്രം തീരുമാനമറിയിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: 25 ദശലക്ഷം പ്രവാസി ഇന്ത്യക്കാർക്ക് ഇ-വോട്ട് നടപ്പാക്കാൻ ജനപ്രാതിനിധ്യ നിയമമാണോ അതിെൻറ ചട്ടമാണോ ഭേദഗതി ചെയ്യുകയെന്ന് അടുത്ത വെള്ളിയാഴ്ച വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച്. പ്രവാസി വോട്ടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിനെ അതിരൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, സർക്കാർ പ്രവർത്തിക്കേണ്ട രീതി ഇതല്ലെന്ന് കുറ്റപ്പെടുത്തി. ഇനിയും സമയം നീട്ടിനൽകില്ലെന്നും കോടതി ഒാർമിപ്പിച്ചു.പ്രവാസികൾക്ക് വോട്ടവകാശം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച കമ്മിറ്റി, 2014 ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിച്ചതാണെന്ന് ചീഫ് ജസ്റ്റിസിന് പുറമെ ഡി.വൈ. ചന്ദ്രചൂഡ് കൂടി അടങ്ങുന്ന ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
അവശേഷിക്കുന്നത് നിയമമാണോ ചട്ടമാണോ ഭേദഗതി ചെയ്യുകയെന്ന വിഷയം മാത്രമാണ്. ഇക്കാര്യത്തിൽ തീരുമാനമറിയിക്കാൻ മാത്രം സർക്കാറിന് ഒരവസരംകൂടി നൽകുകയാണ്.കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ആത്മറാം നാഥ്കർണി വീണ്ടും സാവകാശം ചോദിച്ചത് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ വ്യക്തമാക്കി. 2014ലെ പരാതിയാണിത്. 2014ലും 15ലും 16ലും ഭേദഗതി ചെയ്യുമെന്ന് പറയും. ഇതല്ല സർക്കാർ പ്രവർത്തിക്കേണ്ട രീതി എന്നും സുപ്രീംകോടതി ഒാർമിപ്പിച്ചു.
ഇന്ത്യൻ പാസ്പോർട്ടുള്ള വിദേശ ഇന്ത്യക്കാർക്ക് ഇ-ബാലറ്റ് ഏർപ്പെടുത്താമെന്ന് തത്ത്വത്തിൽ സമ്മതിച്ചുവെന്ന് കഴിഞ്ഞവർഷം ജൂലൈ എട്ടിന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ശിപാർശ കേന്ദ്രസർക്കാർ സ്വീകരിച്ചുവെന്നും പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചുവെന്നും കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ എ.എസ്.ജി പി.എൽ. നരസിംഹ ബോധിപ്പിച്ചിരുന്നു. പാർലമെൻറിൽ വെക്കാൻ കരട്ബിൽ കേന്ദ്രമന്ത്രിസഭ ഉടൻ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
തുടർന്ന് നിയമഭേദഗതിയിലൂടെ രണ്ടുമാസത്തിനകം പ്രവാസി വോട്ട് നടപ്പാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാറിന് നിർദേശം നൽകി. ആ നിർദേശവും ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് സമയം നീട്ടിനൽകാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.