ഇന്നർ ലൈൻ പെർമിറ്റിൽ എട്ട് ആഴ്‌ചക്കുള്ളില്‍ മറുപടി നൽകണം; മണിപ്പൂര്‍ സര്‍ക്കാരിനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മണിപ്പൂരിലെ ഇന്നർ ലൈൻ പെർമിറ്റ് (ഐ.എൽ.പി) സംവിധാനത്തെ ചോദ്യം ചെയ്ത് നൽകിയ ഹരജിയിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് എട്ടാഴ്ചത്തെ സമയം അനുവദിച്ച് സുപ്രീംകോടതി. രാജ്യത്തിന്‍റെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും വിദേശികൾക്കും ഐ.എൽ.പി ആവശ്യമായ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പ്രത്യേക അനുമതി വേണം. അരുണാചൽപ്രദേശ്, നാഗാലാൻഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലും ഐ.എൽ.പി സംവിധാനം ഏർപ്പെടുത്തിയിരുന്നു.
വിഷയത്തില്‍ മറുപടി നല്‍കാൻ മണിപ്പൂർ സർക്കാരിന്‍റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജസ്‌റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സമയം അനുവദിച്ചത്. 'അമ്ര ബംഗലീ' എന്ന സംഘടന സമർപ്പിച്ച ഹരജിയിൽ 2022 ജനുവരി 3ന് സുപ്രീംകോടതി കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും നോട്ടീസ് അയച്ചിരുന്നു.
സ്വദേശികളല്ലാത്തവരും മണിപ്പൂരിൽ സ്ഥിരതാമസക്കാരല്ലാത്തവരും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും നിയന്ത്രിക്കാൻ ഐ.എൽ.പി സംസ്ഥാനത്തിന് അനിയന്ത്രിതമായ അധികാരം നൽകുന്നുവെന്നായിരുന്നു ഹരജിയിലെ വാദം.
സംസ്ഥാനത്തെ പ്രധാന വരുമാന മാർഗമായ ടൂറിസത്തെ ഐ.എൽ.പി മോശമായി ബാധിക്കുമെന്ന് ഹരജിയിൽ പറയുന്നു. 2019ലെ മണിപ്പൂർ ഇന്നർ ലൈൻ പെർമിറ്റ് മാർഗനിർദേശങ്ങളെയും ഹരജിയിൽ ചോദ്യം ചെയ്‌തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.