ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ പഞ്ചാബ് സർക്കാറിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: പഞ്ചാബ് -ഹരിയാന അതിർത്തിയായ ഖനൗരിയിൽ 34 ദിവസമായി അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിൽ എത്തിക്കാൻ പഞ്ചാബ് സർക്കാറിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. മുൻ ഉത്തരവുകൾ പാലിക്കാത്തതിന് പഞ്ചാബ് ചീഫ് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള കോടതിയലക്ഷ്യ ഹരജിയിൽ വാദം കേൾക്കുന്നത് ജനുവരി രണ്ടിലേക്ക് മാറ്റി.
ഡിസംബർ 20ലെ തീരുമാനം അനുസരിക്കുന്നതിന് പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ (എജി) ഗുർമീന്ദർ സിങ് കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ അവധിക്കാല ബെഞ്ച് വാദം കേൾക്കുന്നത് മാറ്റിവെക്കാൻ തീരുമാനിച്ചത്. പ്രതിഷേധിക്കുന്ന കർഷകരെ ചർച്ചക്ക് ക്ഷണിച്ചാൽ ദല്ലേവാൾ വൈദ്യസഹായം സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാറിന് മുമ്പാകെ ഒരു നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടെന്ന് ഗുർമീന്ദർ സിങ് ബെഞ്ചിനെ അറിയിച്ചു.
“ദല്ലേവാളിന്റെ സുസ്ഥിരമായ ആരോഗ്യസ്ഥിതി ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ പൂർണ ഉത്തരവാദിത്തമാണ്. അദ്ദേഹത്തിന് ആശുപത്രി പ്രവേശനം ആവശ്യമാണെങ്കിൽ അധികാരികൾ അത് ഉറപ്പാക്കണം. അതിനാൽ, ദല്ലേവാളിനെ താൽക്കാലിക ആശുപത്രിയിലേക്കോ മറ്റേതെങ്കിലും ആശുപത്രിലേക്കോ മാറ്റണം” എന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
70കാരനായ ദല്ലേവാളിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ദല്ലേവാളിന്റെ ആരോഗ്യനില വിലയിരുത്താൻ പഞ്ചാബ് സർക്കാർ രൂപവത്കരിച്ച ആരോഗ്യവിദഗ്ധരുൾപ്പെടുന്ന സംഘം സമരവേദിയിലെത്തിയെങ്കിലും അദ്ദേഹം ചികിത്സ നിഷേധിച്ചതോടെ മടങ്ങുകയായിരുന്നു.
എല്ലാ വിളകൾക്കും മിനിമം താങ്ങുവില (എം.എസ്.പി) നിയമമാക്കണമെന്നതടക്കം 13 കാർഷിക ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകനേതാവിെൻറ നിരാഹാര സമരം. കോടതി ഉത്തരവിനെ തുടർന്ന് പട്യാല റേഞ്ച് ഡി.ഐ.ജി മന്ദീപ് സിങ് സിദ്ദു, ഡെപ്യൂട്ടി കമീഷണർ ഡോ. പ്രീതി യാദവ്, എസ്.എസ്.പി ഡോ. നാനക് സിങ്, അഡീഷനൽ ഡെപ്യൂട്ടി കമീഷണർ ജനറൽ ഇഷ സിംഗൽ എന്നിവരടങ്ങുന്ന സംഘമാണ് സമരവേദിയിലെത്തി ദല്ലേവാളുമായി കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹം ചികിത്സ നിഷേധിച്ച് നിരാഹാരസമരം തുടരുകയാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഉന്നതതല സംഘം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.