കോടതിയലക്ഷ്യം: വിജയ് മല്യക്ക് നാലുമാസം തടവും 2000 രൂപ പിഴയും
text_fieldsന്യൂഡൽഹി: വായ്പ തട്ടിപ്പ് കേസിൽ വിദേശത്തേക്ക് കടന്ന വിവാദ വ്യവസായി വിജയ് മല്യക്ക് കോടതിയലക്ഷ്യത്തിന് നാലുമാസത്തെ തടവും 2000 രൂപ പിഴയും ചുമത്തി സുപ്രീം കോടതി. 2017ൽ കോടതി ഉത്തരവ് ലംഘിച്ച് 40 മില്യൺ യു.എസ് ഡോളർ മക്കൾക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. പിഴ നാലാഴ്ചയ്ക്കകം സുപ്രീം കോടതി ലീഗൽ സർവിസ് അതോറിറ്റിയിൽ നിക്ഷേപിക്കണം. ഇല്ലെങ്കിൽ രണ്ട് മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും.
മല്യ തന്റെ മക്കൾക്ക് നൽകിയ 40 മില്യൺ ഡോളറിന്റെ ഇടപാട് അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി സ്വീകർത്താക്കളോട് നാലാഴ്ചക്കകം എട്ട് ശതമാനം പലിശ സഹിതം 40 മില്യൺ ഡോളർ റികവറി ഓഫിസർക്ക് നൽകണമെന്നും നിർദ്ദേശിച്ചു. തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയാൽ റിക്കവറി ഓഫിസർക്ക് തുക വീണ്ടെടുക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ യു.യു. ലളിത്, എസ്. രവീന്ദ്ര ഭട്ട്, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
മല്യ തന്റെ മക്കൾക്ക് 40 മില്യൺ ഡോളർ കൈമാറിയെന്നും അതുവഴി കോടതി ഉത്തരവുകൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം സുപ്രീം കോടതിയിൽ ഹരജി സമർപ്പിക്കുകയായിരുന്നു. തുടർന്ന് 2017ൽ കോടതി മല്യ കോടതിയലക്ഷ്യം നടത്തിയതായി കണ്ടെത്തി. എന്നാൽ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മല്യ ഹരജി സമർപ്പിച്ചെങ്കിലും 2020ൽ സുപ്രീം കോടതി തള്ളിയിരുന്നു. ബാങ്കുകളിൽ നിന്നും 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെയാണ് വിജയ് മല്യ രാജ്യം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.