ഷാഹി മസ്ജിദ് കിണർ; തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി; സംഭലിൽ ഐക്യം നിലനിർത്താനും നിർദേശം
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ സംഭൽ ഷാഹി മസ്ജിദിന് സമീപത്തെ പുരാതന കിണറിന്‍റെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി. കിണർ ക്ഷേത്രത്തിന്‍റേതാണെന്ന അവകാശവാദത്തിൽ പരിശോധന പാടില്ലെന്നും സംഭലിൽ ഐക്യം നിലനിർത്താനും കോടതി നിർദേശം നൽകി.
കഴിഞ്ഞമാസം മസ്ജിദിനോട് ചേർന്നുള്ള കിണർ ജില്ല ഭരണകൂടം പിടിച്ചെടുത്തിരുന്നു. മസ്ജിദിന്റെ കിഴക്കേ മതിലിനോട് ചേർന്ന കിണറാണ് മുന്നറിയിപ്പില്ലാതെ പിടിച്ചെടുത്തത്. സമീപത്തെ കിണറിൽനിന്ന് വിഗ്രഹങ്ങൾ ലഭിച്ചെന്ന് പൊലീസ് അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി. വിശ്വാസികൾ പ്രാർത്ഥനക്കായി അംഗശുദ്ധി വരുത്തിയിരുന്നത് ഈ കിണറിലെ വെള്ളം ഉപയോഗിച്ചായിരുന്നു. ഷാഹി മസ്ജിദ് കമ്മിറ്റിയാണ് കിണറിന്‍റെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന് അഭ്യർഥിച്ചും ഇതുമായി ബന്ധപ്പെട്ട് ജില്ല മജിസ്ട്രേറ്റിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടും വ്യാഴാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്.
കോടതിയുടെ അനുമതിയില്ലാതെ ഒരു നടപടിയും സ്വീകരിക്കരുതെന്നും രണ്ടാഴ്ചക്കകം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് അധികൃതർക്ക് നിർദേശം നൽകി. തലമുറകളായി മസ്ജിദിന്‍റെ അവിഭാജ്യ ഘടകമാണ് കിണർ എന്നും അത് പിടിച്ചെടുക്കുന്നത് പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
നേരത്തെ, സംഭൽ ഷാഹി മസ്‍ജിദ് ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലെ സർവേ നടപടികൾ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ചുള്ള ഒരു ഹരജിയും അനുവദിക്കരുതെന്നും കോടതികൾക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, നിർദേശങ്ങൾ ലംഘിച്ച് സംഭലിൽ അധികൃതർ നടപടി തുടരുകയാണ്.
കഴിഞ്ഞ നവംബർ 24ന് ഒരു മുന്നറിയിപ്പുമില്ലാതെ നടന്ന സർവേ നടപടികളിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയത് വലിയ സംഘർഷത്തിനിടയാക്കി. പൊലീസ് നടത്തിയ വെടിവെപ്പിൽ നാലുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.