ഇ.ഡിക്ക് സുപ്രീംകോടതി നോട്ടീസ്; കെജ്രിവാളിന് ആശ്വാസമില്ല
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹരജിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി) സുപ്രീംകോടതിയുടെ നോട്ടീസ്. നോട്ടീസിന് ഏപ്രിൽ 24നകം മറുപടി നൽകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹരജിയിൽ വാദംകേൾക്കുന്നത് ഈ മാസം 29ലേക്ക് മാറ്റുകയും ചെയ്തു. അതുവരെ കെജ്രിവാൾ ജയിലിൽ തുടരും. അതിനിടെ, കേജ്‍രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യൂ കോടതി ഈ മാസം 23 വരെ നീട്ടുകയും ചെയ്തു.
തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് കെജ്രിവാൾ ആരോപിച്ചിരുന്നു. കെജ്രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‍വി വാദിച്ചെങ്കിലും ഇ.ഡിയുടെ മറുപടി വരുന്നത് വരെ കാത്തിരിക്കാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് മറുപടി നൽകി. ഹരജി നേരത്തേ പരിഗണിക്കണമെന്ന് സിങ്‍വി അഭ്യർഥിച്ചെങ്കിലും സുപ്രീംകോടതി നിരസിച്ചു.
അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈകോടതി ഏപ്രില്‍ ഒമ്പതിന് തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതി വിധിക്കെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്‌രിവാള്‍ ഉള്‍പ്പെട്ടതായി വ്യക്തമാക്കുന്ന തെളിവുകള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ടെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പകപോക്കലാണെന്ന കെജ്‌രിവാളിന്‍റെ വാദവും കോടതി തള്ളി. മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡിയും തിങ്കളാഴ്ച അവസാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.