സ്വകാര്യത നയത്തിൽ വിവേചനം: വാട്സ്ആപ്പിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: സമൂഹമാധ്യമമായ വാട്സ്ആപ്പിെൻറ സ്വകാര്യത നയത്തിൽ വിവേചനമുണ്ടെന്ന് ആരോപിക്കുന്ന ഹരജിയിൽ വാട്സ്ആപ്പിനും കേന്ദ്ര സർക്കാറിനും സുപ്രീംകോടതി നോട്ടീസ്. ഫേസ്ബുക് ഉടമസ്ഥതയിലുള്ള കമ്പനി യൂറോപ്പിൽ കൂടുതൽ ശക്തമായ സ്വകാര്യത നയം സ്വീകരിക്കുേമ്പാൾ ഇന്ത്യയിൽ ആ കാർക്കശ്യമില്ലെന്നാണ് ഹരജിയിയിലെ ആരോപണം.
സ്വകാര്യത ഹനിക്കപ്പെടുന്നതിൽ വാട്സ്ആപ് ഉപയോക്താക്കൾ അത്യന്തം ആശങ്കാകുലരാണെന്ന് നിരീക്ഷിച്ച കോടതി വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാൻ നിയമസംവിധാനത്തിന് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.
നിങ്ങൾ രണ്ടോ മൂന്നോ ലക്ഷം കോടി ഉപഭോക്താക്കളുള്ള കമ്പനിയായിരിക്കാം. അതേസമയം, ജനങ്ങൾ അവരുടെ സ്വകാര്യതക്ക് പണത്തേക്കാളേറെ മൂല്യം കൽപിക്കുന്നുണ്ട്. യൂറോപ്പിൽ ഇന്ത്യയേക്കാൾ ശക്തമായ സ്വകാര്യത നയമുണ്ടെന്ന് വാദിച്ചാലും വിവേചനം സാധൂകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യം എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. 2017ൽ കർമണ്യ സിങ് സരീൻ, ശ്രേയ സേഥി എന്നിവർ നൽകിയ ഹരജി വൈകി പരിഗണിച്ച വേളയിലാണ് കോടതി ഇടപെടൽ.
വാട്സ്ആപ്പിലൂടെ ലഭിക്കുന്ന വ്യക്തിവിവരങ്ങൾ ഫേസ്ബുക്കിൽ പങ്കുവെക്കുന്ന കമ്പനിയുടെ രീതി അവസാനിപ്പിക്കണമെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചു. യൂറോപ്പിൽ പ്രത്യേക നിയമമുണ്ടെന്നും അത് ഇവിടെ നടപ്പാക്കിയാൽ കമ്പനി അതേ രീതി പിന്തുടരുമെന്നും വാട്സ്ആപ്പിനുവേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ മറുപടിയായി പറഞ്ഞു.
ശ്യം ദിവാെൻറ വാദം പ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വ്യക്തിഗത വിവരം സംരക്ഷിക്കാൻ കൂടുതൽ ശക്തമായ നിയമം വേണമെന്നാണ് അതിൽനിന്ന് വ്യക്തമാകുന്നതെന്നും കൂട്ടിച്ചേർത്തു.
സമൂഹമാധ്യമ കമ്പനികൾ വ്യക്തിവിവരങ്ങൾ പങ്കുവെക്കുന്നില്ലെന്നായിരുന്നു കേന്ദ്രത്തിെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.