അഅ്സം ഖാനെ തിടുക്കപ്പെട്ട് അയോഗ്യനാക്കിയതെന്തിന് -യു.പി സർക്കാറിനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജയിൽശിക്ഷക്കു വിധിച്ച സമാജ്‍വാദി പാർട്ടി നേതാവ് അഅ്സം ഖാനെ നിയമസഭയിൽനിന്ന് അയോഗ്യനാക്കാൻ അസാധാരണ തിടുക്കം കാട്ടിയത് എന്തിനാണെന്ന് ഉത്തർപ്രദേശ് സർക്കാറിനോട് സുപ്രീംകോടതി. വിദ്വേഷ പ്രസംഗ കേസിൽ മൂന്നരവർഷം തടവിന് ശിക്ഷിക്കപ്പെട്ട അഅ്സം ഖാനെ അയോഗ്യനാക്കിയതിൽ ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ച് യു.പി സർക്കാറിനോടും തെരഞ്ഞെടുപ്പ് കമീഷനോടും വിശദീകരണം തേടി.
ഖാൻ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി യു.പി അഡീഷനൽ അഡ്വക്കറ്റ് ജനറൽ ഗരിമ പ്രഷാദിനോട് വിശദീകരണം സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ''അദ്ദേഹത്തെ അയോഗ്യനാക്കാൻ എന്തായിരുന്നു ഇത്ര അസാധാരണമായ തിടുക്കം? ശ്വാസം വിടാനുള്ള സമയമെങ്കിലും ഖാന് നൽകണമായിരുന്നു.'' -സുപ്രീംകോടതിയുടെ മുൻകാല ഉത്തരവുകൾക്കനുസരിച്ചാണ് ഇക്കാര്യത്തിൽ നടപടിയെടുത്തതെന്ന ഗരിമ പ്രഷാദിന്റെ വിശദീകരണം കേട്ടശേഷം ബെഞ്ച് ചോദിച്ചു.
രണ്ടു വർഷം തടവിന് വിധിക്കപ്പെട്ട മുസഫർ നഗർ ജില്ലയിലെ കതൗലിയിലെ ബി.ജെ.പി എം.എൽ.എ വിക്രം സെയ്നിയെ അയോഗ്യനാക്കുന്നതിൽ ഇതുവരെ ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ലെന്ന് ഖാനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ പി. ചിദംബരം ചൂണ്ടിക്കാട്ടി. ''രാംപുർ സദറിൽ തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാനിരുന്നതാണ് ഈ തിരക്കിന്റെ കാരണമെന്ന് മനസ്സിലാക്കുന്നു'' -ചിദംബരം പറഞ്ഞു.
സെഷൻസ് കോടതി ജഡ്ജി ഏതാനും ദിവസത്തേക്ക് അവധി ആയതിനാലും അലഹബാദ് ഹൈകോടതി അടച്ചതിനാലും ഹരജിക്കാരന് തനിക്കെതിരായ തടവുശിക്ഷയിലും അയോഗ്യതയിലും അപ്പീൽ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി. കതൗലി നിയമസഭ സീറ്റിന്റെ കാര്യത്തിൽ എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്നും കോടതി യു.പി അഭിഭാഷകനോടു ചോദിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് വിദ്വേഷപ്രസംഗ കേസിൽ രാംപുർ കോടതി അഅ്സംഖാനെ മൂന്നു വർഷം തടവിന് വിധിച്ചത്. ഇതിനിടെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. ശിക്ഷ വിധിച്ചതിന്റെ പിറ്റേന്നുതന്നെയാണ് യു.പി നിയമസഭ ഖാനെ അയോഗ്യനാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.