ടീസ്റ്റക്ക് ഇടക്കാല ജാമ്യം; ഗുജറാത്ത് ഹൈകോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ
text_fieldsന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനോട് ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈകോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ. ഗുജറാത്ത് ഹൈകോടതി ശനിയാഴ്ച പുറപ്പെടുവിച്ച വിധിക്കെതിരെ വൈകീട്ട് ടീസ്റ്റ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് നാടകീയ മുഹൂർത്തങ്ങൾക്കൊടുവിലാണ് രാത്രി ചേർന്ന രണ്ടാമത്തെ ബെഞ്ച് ഒരാഴ്ചത്തെ സ്റ്റേ അനുവദിച്ചത്.
അറസ്റ്റിൽ നിന്ന് ഒരാഴ്ചത്തെ സംരക്ഷണം നൽകാൻ തയാറാകാതിരുന്ന ഗുജറാത്ത് ഹൈകോടതി നടപടിയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, ഒരാഴ്ചത്തേക്ക് ജാമ്യം നൽകിയാൽ ആകാശം ഇടിഞ്ഞുവീഴുമോ എന്നു ചോദിച്ചു. സ്ത്രീയെന്ന നിലയിൽ ക്രിമിനൽ നടപടി ക്രമം 437ാം വകുപ്പ് പ്രകാരം പ്രത്യേക സംരക്ഷണത്തിന് അർഹയാണ് പരാതിക്കാരിയെന്നും മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ മെറിറ്റല്ല നോക്കിയതെന്നും താൽക്കാലിക ജാമ്യം നിഷേധിച്ച നടപടിയാണ് പരിശോധിച്ചതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സ്ഥിരജാമ്യത്തിനുള്ള ടീസ്റ്റയുടെ അപേക്ഷ ശനിയാഴ്ച പകലാണ് ഗുജറാത്ത് ഹൈകോടതിയിലെ ജസ്റ്റിസ് നിർസാർ ദേശായി തള്ളിയത്. ഉടൻ അവരോട് കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തു. തുടർന്ന് വിധിക്ക് താൽക്കാലിക സ്റ്റേ ആവശ്യപ്പെട്ട് വൈകീട്ട് ടീസ്റ്റ പ്രത്യേക അനുമതി ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് അഭയ് എസ്. ഓകയും ജസ്റ്റിസ് പി.കെ. മിശ്രയും ഭിന്നാഭിപ്രായം രേഖപ്പെടുത്തി.
തുടർന്ന് മൂന്നംഗ വിശാല ബെഞ്ച് രൂപവത്കരിക്കാൻ ചീഫ് ജസ്റ്റിസിനോട് ഇരു ജഡ്ജിമാരും അഭ്യർഥിച്ചു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് അടിയന്തരമായി കേസ് പരിഗണിച്ചു. ഗുജറാത്ത് ഹൈകോടതി വിധി സ്റ്റേ ചെയ്ത മൂന്നംഗ ബെഞ്ച്, ഒരാഴ്ചത്തേക്ക് ടീസ്റ്റക്ക് ജാമ്യം അനുവദിച്ചു.
ടീസ്റ്റക്ക് താൽക്കാലിക നിയമസംരക്ഷണം നൽകരുതെന്ന് ജാമ്യഹരജി പരിഗണിക്കവെ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയതിനെ തുടർന്ന് ടീസ്റ്റ നേരത്തേ ജയിൽ മോചിതയായിരുന്നു. ഗുജറാത്ത് കലാപത്തിൽ നിരപരാധികളെ പ്രതികളാക്കാൻ കൃത്രിമ തെളിവുണ്ടാക്കിയെന്നാരോപിച്ചാണ് കഴിഞ്ഞ വർഷം ജൂൺ 25ന് ടീസ്റ്റ സെറ്റൽവാദ്, ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി. ശ്രീകുമാർ, മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ട് എന്നിവരെ ഗുജറാത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കുറ്റവിമുക്തനാക്കണമെന്ന ശ്രീകുമാറിന്റെ അപേക്ഷ കഴിഞ്ഞ മാസം വിചാരണക്കോടതി തള്ളിയിരുന്നു. പിന്നീട് ഗുജറാത്ത് ഹൈകോടതി ഇടക്കാല ജാമ്യമനുവദിച്ചു. മൂന്നാം പ്രതി സഞ്ജീവ് ഭട്ട് ജാമ്യത്തിന് അപേക്ഷിച്ചിട്ടില്ല. അറസ്റ്റിലാകുമ്പോൾ സഞ്ജീവ് ഭട്ട് മറ്റൊരു കേസിൽ ജയിലിലായിരുന്നു.
കലാപവുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവുണ്ടാക്കാനടക്കം ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി ശ്രീകുമാർ, മുൻ ഐ.പി.എസ് ഓഫിസർ സാക്കിയ ജാഫ്രി എന്നിവർക്കൊപ്പം 2022 ജൂണിൽ ടീസ്റ്റ അറസ്റ്റിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിക്കൊണ്ടുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ(എസ്.ഐ.ടി) റിപ്പോർട്ട് തീർപ്പാക്കുന്നതിനെതിരെ കൊല്ലപ്പെട്ട ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ നൽകിയ അപ്പീൽ സുപ്രിംകോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു ടീസ്റ്റ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.