ജഡ്ജിമാരുടെ ബന്ധുക്കളെ ശിപാർശ ചെയ്യുന്നത് നിർത്തിയേക്കും; നിയമനം കൂടുതൽ സുതാര്യമാക്കാൻ കൊളീജിയം
text_fieldsന്യൂഡൽഹി: ജഡ്ജി നിയമനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ നടപടികളാരാഞ്ഞ് സുപ്രീംകോടതി കൊളീജിയം. ഇതിന്റെ ഭാഗമായി, സുപ്രീംകോടതി-ഹൈകോടതി ജഡ്ജിമാരുടെ ബന്ധുക്കളെ ജഡ്ജിമാരായി ശിപാർശ ചെയ്യുന്നത് നിർത്തിയേക്കുമെന്നാണ് സൂചന. നിയമനങ്ങളിൽ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണം നിലനിൽക്കേ ന്യായാധിപ നിയമനങ്ങൾ കൂടുതൽ സുതാര്യമാക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഈ നിർദേശം നടപ്പായാൽ, സുപ്രീം കോടതി ജഡ്ജിയുടെ ബന്ധുവാണെന്നതിനാൽ അർഹരായ പലർക്കും അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാവുമെന്ന വാദവുമുയരുന്നുണ്ട്.
കൊളീജിയത്തിലെ ഒരു അംഗം മുന്നോട്ടുവെച്ച ഈ നിർദേശത്തിന് മറ്റു ചില അംഗങ്ങളുടെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ്, എ.എസ്. ഓഖ എന്നിവരാണ് കൊളീജിയം അംഗങ്ങൾ.
അതേസമയം, ഹൈകോടതി ജഡ്ജിമാരായി നിയമിക്കാൻ ശിപാർശ ലഭിച്ച അഭിഭാഷകരുമായി കൊളീജിയം ആശയവിനിമയം നടത്തുന്ന പുതിയ രീതിക്കും തുടക്കമായിട്ടുണ്ട്. ഇവരുടെ മികവ് പരിശോധിക്കുകയാണ് ലക്ഷ്യം. ആരോപണങ്ങൾ ചൂണ്ടിക്കാട്ടി 2015 ഒക്ടോബറിൽ കൊളീജിയം സംവിധാനത്തിനുപകരം ദേശീയ ജഡ്ജി നിയമന കമീഷൻ എന്ന ആശയം കേന്ദ്രം മുന്നോട്ടുവെച്ചെങ്കിലും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇത് തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.