ബിൽകീസ് ബാനു കേസ്: കുറ്റവാളികളെ വെറുതെ വിട്ടതിൽ കേന്ദ്രത്തിനും ഗുജറാത്ത് സർക്കാറിനും നോട്ടീസ്
text_fieldsന്യൂഡൽഹി: ബിൽകീസ് ബാനു കേസ് ഭയാനകമായ കുറ്റകൃത്യമാണെന്ന് ഓർമിപ്പിച്ച് കൂട്ടക്കൊലയും കൂട്ടമാനഭംഗവും നടത്തിയ കുറ്റവാളികളെ ശിക്ഷാ കാലയളവിനു മുമ്പ് വിട്ടയച്ചത് വിശദമായി പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നിരവധി പേർ മോചനമില്ലാതെ ജയിലുകളിൽ കഴിയുമ്പോൾ ബിൽകീസ് ബാനു കേസിലെ 11കുറ്റവാളികളെ ശിക്ഷ കാലാവധി കഴിയും മുമ്പേ വിട്ടയച്ചത് ഏകീകൃത മാനദണ്ഡം അടിസ്ഥാനമാക്കിയാണോ എന്നും ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. കുറ്റവാളികളെ വിട്ടയച്ചതിനെതിരെ ബിൽകീസ് ബാനുവിനു പുറമെ സാമൂഹിക പ്രവർത്തകർ സമർപ്പിച്ച പൊതുതാൽപര്യ ഹരജികൾ തളളണമെന്ന കേന്ദ്ര, ഗുജറാത്ത് സർക്കാറുകളുടെ ആവശ്യം തള്ളിയ ബെഞ്ച് മുഴുവൻ ഹരജികളിലും നോട്ടീസ് അയച്ച് കേസ് ഏപ്രിൽ 18ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ബിൽകീസ് ബാനുവിന്റെ ഹരജി ഒന്നാമത്തെ കേസാക്കണം എന്ന അഡ്വ. ശോഭ ഗുപ്തയുടെ ആവശ്യം ബെഞ്ച് അംഗീകരിച്ചു.
2002ലെ ഗുജറാത്ത് വംശഹത്യ വേളയിൽ കൂട്ടക്കൊലയും കൂട്ടമാനഭംഗവും നടത്തിയ പ്രതികളെ ശിക്ഷ കാലയളവിന് മുമ്പ് വിട്ടയക്കാൻ തീരുമാനിച്ച ഫയൽ സമർപ്പിക്കാൻ സുപ്രീംകോടതി ഗുജറാത്ത് സർക്കാറിന് നിർദേശം നൽകി. ബിൽകീസ് ബാനുവിന്റെ ഹരജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി ഹാജരായ തനിക്ക് മറ്റു ഹരജിക്കാരുടെ നോട്ടീസ് കൈപ്പറ്റാൻ സർക്കാർ അധികാരപ്പെടുത്താതെ പ്രയാസമുണ്ട് എന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ നടരാജ് പറഞ്ഞപ്പോൾ നോട്ടീസ് കൈപ്പറ്റാൻ തങ്ങൾ ആരെയും നിർബന്ധിച്ചിട്ടില്ലല്ലോ എന്ന് ജസ്റ്റിസ് ജോസഫ് മറുപടി നൽകി. ബിൽകീസ് ബാനു കേസിൽ പ്രയോഗിച്ച മാനദണ്ഡങ്ങൾക്ക് മറ്റു കൊലക്കേസുകളുമായി ഏകീകൃത സ്വഭാവമുണ്ടോ എന്ന് ഗുജറാത്ത് സർക്കാറിനോട് ബെഞ്ച് ചോദിച്ചു.
ഗുജറാത്ത് സർക്കാറാണ് ശിക്ഷാ ഇളവ് തീരുമാനിക്കേണ്ടത് എന്ന് കഴിഞ്ഞ വർഷം മേയിൽ സുപ്രീംകോടതി വ്യക്തമാക്കിയതാണെന്നും അതിനെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജി തള്ളിയതാണെന്നും കുറ്റവാളികളിലൊരാൾക്കുവേണ്ടി ഹാജരായ അഡ്വ. റിഷി മൽഹോത്ര വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ബിൽകീസ് ബാനുവിന്റെ റിട്ട് ഹരജി സുപ്രീംകോടതി വിധിക്കെതിരല്ലെന്നും കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്റെ തീരുമാനത്തിനെതിരാണെന്നും ജസ്റ്റിസ് ജോസഫ് മറുപടി നൽകി.
ശിക്ഷ വിധിച്ച വിചാരണ കോടതി മഹാരാഷ്ട്രയിലായതിനാൽ ഗുജറാത്ത് സർക്കാറിന് വിട്ടയക്കാൻ അധികാരമില്ലെന്ന വിഷയം ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ജോസഫ് ഇല്ലാത്ത അധികാര പരിധി ഒരു കോടതി വിധികൊണ്ട് ഉണ്ടായിത്തീരുമോ എന്നും ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.