കേന്ദ്രത്തിന് തിരിച്ചടി: സി.ബി.െഎയിലെ ആഭ്യന്തര പ്രശ്നങ്ങൾ അന്വേഷിക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പാതിരാ ഒാപറേഷനിലൂടെ പദവിയിൽനിന്ന് മാറ്റിനിർത്തിയ സി.ബി.െഎ ഡയറക്ടർ അലോക് വർമക്കെതിരെയുള്ള കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) അന്വേഷണം രണ്ടാഴ്ചക്കകം പൂർത്തിയാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. സി.വി.സി അന്വേഷണത്തിന് മുൻ സുപ്രീംകോടതി ജഡ്ജി എ.കെ. പട്നായിക് മേൽനോട്ടം വഹിക്കുമെന്നും സുപ്രീംകോടതി വിധിച്ചു. അലോക് വർമക്ക് പകരം കേന്ദ്ര സർക്കാർ ചുമതല നൽകിയ നാഗേശ്വര റാവുവിൽനിന്ന് എല്ലാ അധികാരവും എടുത്തുമാറ്റിയ സുപ്രീംകോടതി അദ്ദേഹത്തെ കേവലം നോക്കുകുത്തിയാക്കി.
അലോക് വർമയെ മാറ്റാനായി കേന്ദ്ര സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി അറിയാനാണ് അത്യപൂർവ നടപടിയിലൂടെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിനുള്ള ഉത്തരവ്. ഇൗ കേസിലെ സവിശേഷമായ വസ്തുതകൾ പരിഗണിച്ചാണ് ഭരണഘടന സ്ഥാപനമായ കേന്ദ്ര വിജിലൻസ് കമീഷനുമേൽ സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടം വെക്കേണ്ടിവന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. ഇന്ത്യ ഗവൺമെൻറിെൻറ ഏതെങ്കിലും സ്ഥാപനങ്ങൾക്കുമേൽ ഏതെങ്കിലും തരത്തിലുള്ള പ്രതിഫലനം ഇൗ നിർദേശം കൊണ്ടുണ്ടാകരുതെന്നും ഇത്തരമൊരു നിർദേശം ഇൗയൊരു തവണ മാത്രമേ ഉണ്ടാകൂവെന്നും ഉത്തരവ് തുടർന്നു. അന്വേഷണത്തിെൻറ മേൽനോട്ടം ഏെറ്റടുക്കാൻ ജസ്റ്റിസ് എ.കെ. പട്നായികിനോട് സുപ്രീംകോടതി ആവശ്യപ്പെടും.
സി.വി.സി ഭരണഘടന സ്ഥാപനമായതിനാൽ മേൽനോട്ടം വേണ്ടെന്ന കേന്ദ്ര സർക്കാർ വാദം ചീഫ് ജസ്റ്റിസ് തള്ളി. മേൽനോട്ടം അനിവാര്യമാണെന്നു വന്നപ്പോൾ എങ്കിൽ ഹൈകോടതി ജഡ്ജി ആകെട്ട എന്നായി അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ. അത് പറ്റില്ലെന്നും സുപ്രീംകോടതി ജഡ്ജി തന്നെ വേണമെന്നും അത് ജസ്റ്റിസ് പട്നായിക് ആകെട്ടയെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
ഇൗ മാസം 23ന് ഇറക്കിയ ഉത്തരവിലൂടെ അലോക് വർമക്ക് പകരം ആ ചുമതല നോക്കാൻ നിയുക്തനായ നാഗേശ്വർ റാവുവിെൻറ അധികാരം ഇൗ ഉത്തരവ് എടുത്തുമാറ്റി. സി.ബി.െഎയുമായി ബന്ധപ്പെട്ട സുപ്രധാനമായ എന്തെങ്കിലും തീരുമാനങ്ങളോ നയനിലപാടുകളോ നാഗേശ്വർ റാവു കൈക്കൊള്ളാൻ പാടില്ല. സി.ബി.െഎ നടത്തിക്കൊണ്ടുപോകുന്നതിനുള്ള ദൈനംദിന കാര്യങ്ങൾ മാത്രമേ റാവു നോക്കാൻ പാടുള്ളൂ. അത് മാത്രമല്ല, ഇൗ മാസം 23ന് റാവുവിനെ നിയമിച്ച നിമിഷം മുതൽ സുപ്രീംകോടതി വിധി വന്ന മണിക്കൂർ വരെ അദ്ദേഹം എടുത്ത മുഴുവൻ തീരുമാനങ്ങളും മുദ്രവെച്ച കവറിലാക്കി സുപ്രീംകോടതിക്ക് സമർപ്പിക്കണം.
വിവിധ അന്വേഷണങ്ങൾ മാറ്റിയത്, അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത് അടക്കം കാര്യങ്ങൾ നവംബർ 12നകമാണ് സുപ്രീംകോടതിയെ അറിയിക്കേണ്ടത്. അതിന് പിറകെ ഇൗ കേസിൽ ആവശ്യമായ വിധി പുറപ്പെടുവിക്കുമെന്നും വെള്ളിയാഴ്ചത്തെ ഉത്തരവിൽ സുപ്രീംകോടതി കൂട്ടിച്ചേർത്തു. സി.വി.സിയുടെയും കേന്ദ്രത്തിെൻറയും ഉത്തരവുകൾ ഭരണഘടനലംഘനമാണെന്ന് അലോക് വർമക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ വാദിച്ചു. അലോക് വർമയെ മാറ്റിയതിനെ കുറിച്ച് സുപ്രീംകോടതി അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയ പ്രശാന്ത് ഭൂഷൺ നേതൃത്വം നൽകുന്ന കോമൺ കോസിന് വേണ്ടി അഡ്വ. ദുഷ്യന്ത് ദവെയും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.