എൻ.വി. രമണ നടത്തിയ രജിസ്ട്രാർ നിയമനം സുപ്രീംകോടതി റദ്ദാക്കി
text_fieldsന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ തന്റെ കാലാവധി അവസാനിക്കുന്ന അവസാന ആഴ്ച നടത്തിയ രജിസ്ട്രാർ നിയമനം റദ്ദാക്കി. പ്രസാർ ഭാരതി ജോയന്റ് ഡയറക്ടറായ പ്രസന്നകുമാർ സൂര്യദേവരക്ക് രജിസ്ട്രാറായി സ്ഥിരനിയമനം നൽകിയ നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. സൂര്യദേവരയെ സെപ്റ്റംബർ 30ന്റെ മുൻകാല പ്രാബല്യത്തോടെ ഡെപ്യൂട്ടേഷനിൽ വന്ന ആകാശവാണിയിലേക്ക് തന്നെ തിരിച്ചയച്ചു.
ആകാശവാണിയിൽ തെലുങ്ക് വാർത്താവായനക്കാരനായിരുന്ന സൂര്യദേവര 2009-15 കാലയളവിൽ ലോക്സഭ സ്പീക്കർ സോമനാഥ് ചാറ്റർജിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായിരുന്നു. പിന്നീട് രാജ്യസഭ ചെയർമാൻ ഹാമിദ് അൻസാരിക്കുവേണ്ടി സേവനമനുഷ്ഠിച്ചു.
ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയതോടെ ഡൽഹി നിയമസഭ സെക്രട്ടറിയായി. സൂര്യദേവരയെ ആകാശവാണിയിലേക്ക് തിരിച്ചയച്ച് മുൻ ലഫ്. ഗവർണർ നജീബ് ജംഗ് ഉത്തരവിട്ടെങ്കിലും നിയമസഭ സ്പീക്കർ രാം നിവാസ് ഗോയൽ ഇത് നിരസിച്ചു.
തുടർന്ന് സ്പീക്കറുടെ നടപടിക്കെതിരെ ഡൽഹി ഹൈകോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. ഇതിനിടെ ആകാശവാണിയിൽ തിരിച്ചുവരാതിരുന്നതിന് സൂര്യദേവരക്കെതിരെ വകുപ്പുതല നടപടിയുമുണ്ടായി.
2021ൽ പ്രസാർ ഭാരതി ജോയന്റ് ഡയറക്ടറായ സൂര്യദേവരയെ മാധ്യമചുമതല നൽകിയാണ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി സുപ്രീംകോടതിയിൽ മൂന്ന് വർഷത്തേക്ക് നിയമിച്ചത്. വിരമിക്കാനിരിക്കെ അവസാന ആഴ്ചയാണ് രജിസ്ട്രാറായി സ്ഥാനക്കയറ്റം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.