തെരഞ്ഞെടുപ്പ് കമീഷണർ നിയമനം: അസാധാരണ തിടുക്കത്തിൽ കേന്ദ്രസത്തെ വീണ്ടും ചോദ്യംചെയ്ത് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമീഷണറാക്കാൻ കാണിച്ച അസാധാരണ തിടുക്കത്തിൽ കേന്ദ്രസർക്കാറിനെ വീണ്ടും ചോദ്യംചെയ്ത് സുപ്രീംകോടതി. നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക തയാറാക്കിയത് ശ്രദ്ധാപൂർവമല്ല. തെരഞ്ഞെടുപ്പാകട്ടെ, നിയമവ്യവസ്ഥകൾ പ്രകാരമല്ല. നിയമന ഫയലിന്മേൽ ബന്ധപ്പെട്ട വകുപ്പുകളിൽ ശരിയായ കൂടിയാലോചന നടന്നില്ലെന്നും മിന്നൽ വേഗത്തിലാണ് ഫയൽ നീങ്ങിയതെന്നും കോടതി നിരീക്ഷിച്ചു.
അരുൺ ഗോയലിന്റെ നിയമന ഫയൽ സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്രസർക്കാർ വ്യാഴാഴ്ച ഹാജരാക്കിയിരുന്നു. ഇതേ തുടർന്നുള്ള വാദത്തിനിടയിലാണ് സർക്കാറിനെ വീണ്ടും ജസ്റ്റിസ് കെ.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വിമർശിച്ചത്. അരുൺ ഗോയലിന് തെരഞ്ഞെടുപ്പ് കമീഷണറാകാനുള്ള യോഗ്യതയല്ല, നടപടിക്രമപ്രകാരമാണോ എന്നതാണ് പരിഗണനയിലുള്ള വിഷയമെന്ന് ഫയൽ പരിശോധിച്ച് കോടതി പറഞ്ഞു.
എന്തുതരം വിലയിരുത്തലാണിത്? നാലുപേരെ നിയമനത്തിന് പരിഗണിച്ചത് ശ്രദ്ധാപൂർവമായ തെരഞ്ഞെടുപ്പല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പദവിയിൽ ആറു വർഷം, അതല്ലെങ്കിൽ 65 വയസ്സ് പൂർത്തിയാകുന്നതുവരെയാണ് തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കുന്നത്. നിയമാനുസൃതം ആറു വർഷ പ്രവർത്തന കാലാവധി തെരഞ്ഞെടുപ്പ് കമീഷണർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സർക്കാർ ബാധ്യസ്ഥമാണ്. ഈ കാലാവധി തികക്കാൻപറ്റാത്ത ഒരാളെയാണ് നാലു പേരുടെ പാനലിൽനിന്ന് തെരഞ്ഞെടുത്ത്. ഇതിന്റെ കാര്യകാരണങ്ങൾ കണ്ടെത്താൻ കഴിയുന്നില്ലെന്ന് കോടതി പറഞ്ഞു.
അതേസമയം, വിഷയം മൊത്തമായി പരിശോധിക്കാതെ കോടതി ഇത്തരം നിരീക്ഷണങ്ങൾ നടത്തരുതെന്ന് അറ്റോണി ജനറൽ ആർ. വെങ്കട്ട രമണി പറഞ്ഞു.
ഈ ഘട്ടത്തിൽ അഞ്ചംഗ ജസ്റ്റിസ് അജയ് രസ്തോഗി ഇടപെട്ടു. കോടതി പറയുന്നകാര്യങ്ങൾ അറ്റോണി ജനറൽ ശ്രദ്ധയോടെ കേൾക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കോടതി പറയുന്നത് ശ്രദ്ധയോടെ കേട്ട് ചോദ്യങ്ങൾക്ക് മറുപടി പറയണം. ഏതെങ്കിലുമൊരാളുടെ നിയമനമല്ല, നിയമനപ്രക്രിയയെക്കുറിച്ചാണ് കോടതി സംസാരിക്കുന്നത്. ഇതോടെ എ.ജി പത്തിമടക്കി. കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടിപറയാൻ താൻ ബാധ്യസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു.
നിയമനത്തിന് കൃത്യമായ സംവിധാനവും നടപടികളുമുണ്ടെന്ന് അറ്റോണി ജനറൽ വാദിച്ചു. ഓരോ ഓഫിസറുടെയും പശ്ചാത്തലം പരിശോധിച്ച് ആറു വർഷ കാലാവധി പൂർത്തിയാക്കുമെന്ന് ഉറപ്പുവരുത്താൻ കഴിയില്ല. അരുൺ ഗോയലിന്റെ സേവനപാരമ്പര്യം കണക്കിലെടുക്കേണ്ടതിനുപകരം, അദ്ദേഹത്തിന് വി.ആർ.എസ് അനുവദിച്ചതാണ് വിഷയമാക്കുന്നതെന്നും അരുൺ ഗോയലിന്റെ നിയമനത്തിൽ കോടതി ഇടപെടേണ്ട കാര്യമില്ലെന്നും എ.ജി അഭിപ്രായപ്പെട്ടു. ഈ വാദമുഖങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് കമീഷണർമാരുടെ സ്വതന്ത്രനിയമനത്തിന് സംവിധാനം വേണമെന്ന് ആവശ്യപ്പെടുന്ന ഹരജി കോടതി വിധിപറയാൻ മാറ്റി. ഈ വിഷയത്തിൽ അഞ്ചു ദിവസത്തിനകം ആറു പേജിൽ കവിയാത്ത കുറിപ്പ് നൽകാൻ രാഷ്ട്രീയപാർട്ടികളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.