ലഖിംപുർ കേസ്: പ്രധാന സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ നാലു കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി നിർദേശം. കേസിലെ തെളിവുകളുടെ ശാസ്ത്രീയ പരിശോധന നടത്തണം. സാക്ഷികൾക്ക് ആവശ്യമായി സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ഉത്തർപ്രദേശ് പൊലീസിനോട് സുപ്രീംകോടതി നിർദേശിച്ചു.
യു.പി പൊലീസ് സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിച്ച കോടതി, കാര്യമായ അന്വേഷണം നടക്കുന്നുവെന്ന് തോന്നുന്നതായി വ്യക്തമാക്കി. പൊലീസ് അന്വേഷണം സുപ്രീംകോടതി നിരീക്ഷിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ വ്യക്തമാക്കി. നവംബർ എട്ടാം തീയതി കേസ് വീണ്ടും പരിഗണിക്കും. അന്ന് പുതിയ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി യു.പി പൊലീസിനോട് നിർദേശിച്ചു.
68 സാക്ഷികളിൽ 30 പേരുടെ മൊഴി രേഖപ്പെടുത്തിയെന്ന് ഉത്തർപ്രദേശ് പൊലീസ് കോടതിയെ അറിയിച്ചു.
ഒക്ടോബർ 20ന് കേസ് പരിഗണിച്ച സുപ്രീംകോടതി, അന്വേഷണം സംബന്ധിച്ച് ഉത്തർ പ്രദേശിലെ യോഗി സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസിൽ യു.പി പൊലീസ് നടത്തുന്ന അന്വേഷണം അവസാനിക്കാത്ത കഥയായി മാറരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് താക്കീത് ചെയ്തിരുന്നു.
അന്വേഷണം മന്ദഗതിയിലാക്കാൻ സംസ്ഥാന പൊലീസ് ശ്രമിക്കരുതെന്ന് മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിന്‍റെ തൽസ്ഥിതി റിപ്പോർട്ടിന് വേണ്ടി പുലർച്ചെ വരെ കാത്തിരുന്നു. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കി.
ലഖിംപൂര്‍ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ ഉത്തരവിടണമെന്ന ഹരജി പരിഗണിക്കവെയാണ് രൂക്ഷ വിമർശനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.