മുത്തലാഖ് ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനക്ക്
text_fieldsന്യൂഡൽഹി: ബഹുഭാര്യത്വം, മുത്തലാഖ്, ചടങ്ങുകല്യാണം എന്നിവ നിരോധിക്കാനാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് വിട്ടു. അഞ്ചംഗ ബെഞ്ച് മേയ് 11ന് േകസിൽ വാദംകേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.അവധിക്കാലത്ത് കേസ് പരിഗണിക്കുന്നതിനെ ചൊല്ലി മുതിർന്ന അഭിഭാഷകൻ കപിൽ സിബലും അറ്റോണി ജനറൽ മുകുൾ രോഹതഗിയും തമ്മിൽ കോടതിമുറിക്കുള്ളിൽ അഭിപ്രായഭിന്നതയുണ്ടായപ്പോൾ വേനലവധിക്കാലത്ത് കേൾക്കുന്നില്ലെങ്കിൽ പിന്നീടൊരിക്കലും ഇൗ കേസ് കേൾക്കലുണ്ടാകില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷകർക്ക് പ്രശ്നമുണ്ടെങ്കിൽ താനും അവധിക്കാലം ചെലവിടാൻ േപാകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി അവധിക്കാലത്ത് താൻ ബെഞ്ചിലിരിക്കാറുണ്ട്. ദേശീയ ന്യായാധിപ നിയമന കമീഷൻ കേസ് 2015ലാണ് അവധിക്കാലത്ത് കേട്ടത്. ഇനി അഭിഭാഷകർ തയാറല്ലെങ്കിൽ താൻ വേനലവധിക്കു പോകാം. അത്രക്കും പ്രാധാന്യമേറിയ വിഷയമാണിതെന്നും ധിറുതി കൂട്ടി തീർക്കാൻ കഴിയില്ലെന്നും ഇതിന് സമയമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പല തരത്തിലുള്ള അഭിപ്രായങ്ങളുണ്ടെന്നും എല്ലാവരെയും കേൾക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട ഒരു കേസിൽ വിധി പറയുന്നതിനിടെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യദാഹവും പരിശോധിക്കാൻ സുപ്രീംകോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതോടെയാണ് മുത്തലാഖും ബഹുഭാര്യത്വവും ചടങ്ങു കല്യാണവും നിരോധിക്കുന്ന കാര്യത്തിൽ വാദംകേൾക്കാൻ പരമോന്നത കോടതി തുടക്കമിട്ടത്. മുസ്ലിം വ്യക്തിനിയമം അനുവദിക്കുന്ന ബഹുഭാര്യത്വം ഭരണഘടനവിരുദ്ധമാണോ? ഒരു മുസ്ലിം ഭർത്താവ് ഭാര്യയുടെയോ കോടതിയുടെയോ അനുമതിയില്ലാതെ ഒരേയിരിപ്പിൽ മൂന്ന് മൊഴി ചൊല്ലുന്നത് ഭരണഘടനവിരുദ്ധമാണോ? മുസ്ലിം ഭർത്താവ് ഒന്നിലേറെ ഭാര്യമാരെ നിലനിർത്തുന്നത് ക്രൂരമായ പ്രവൃത്തിയാണോ? എന്നീ ചോദ്യങ്ങളാണ് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലുള്ളത്. ഇതിനുശേഷം വിവാഹമോചിതരായ മുസ്ലിം സ്ത്രീകളുടെ പേരിൽ തലാഖ് നിരോധനമാവശ്യപ്പെട്ട് ഹരജികളും വന്നു.
ഇൗ കേസിലാണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മുത്തലാഖ്, ബഹുഭാര്യത്വം എന്നിവ നിയമവിരുദ്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. കേന്ദ്ര നിയമ മന്ത്രാലയം തയാറാക്കിയ സത്യവാങ്മൂലത്തിൽ ചടങ്ങുകല്യാണം (നിക്കാഹ് ഹലാല) നിരോധിക്കണമെന്ന നിലപാടും കൈക്കൊണ്ടു.
സമത്വം, ലിംഗനീതി എന്നിവക്കെതിരാണ് മുത്തലാഖും ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും എന്നും അതിനാൽ അവക്കുള്ള നിയമസാധുത പുനഃപരിശോധിക്കണമെന്നുമാണ് കേന്ദ്രത്തിെൻറ നിലപാട്. അതേസമയം, കേസ് പരിഗണിക്കുന്നതിെൻറ രണ്ടു നാൾ മുമ്പ് സമർപ്പിച്ച ഏറ്റവും പുതിയ സത്യവാങ്മൂലത്തിലും ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഇൗ വിഷയം തീർപ്പാക്കേണ്ടത് ഇസ്ലാമിക പണ്ഡിതരാണെന്നും സുപ്രീംകോടതിയല്ലെന്നുമുള്ള നിലപാടാണ് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് കൈക്കൊണ്ടത്. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലൂടെ പുനഃപരിശോധനക്ക് വെച്ചിരിക്കുന്നത് മത വിശ്വാസികളുടെ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും അവ ചോദ്യംചെയ്യുന്നത് ഭരണഘടനയുടെ ലംഘനമാണെന്നുമാണ് ബോർഡ് ബോധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.