സംരക്ഷണം നൽകണമെന്ന ആതിഖ് അഹമ്മദിന്റെ ഹരജി സുപ്രീംകോടതി നിരസിച്ചു, ഹൈകോടതിയെ സമീപിക്കാൻ നിർദേശം
text_fieldsഅഹമ്മദാബാദ്: സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഉമേഷ് പാൽ വധക്കേസിൽ കുറ്റക്കാരനെന്ന് സംശയിക്കുന്ന മുൻ സമാജ്‍വാദി പാർട്ടി നേതാവ് ആതിഖ് അഹമ്മദ് നൽകിയ ഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹൈകോടതിയെ സമീപിക്കാനാണ് ആതിഖിന്റെ അഭിഭാഷകനോട് കോടതി നിർദേശിച്ചത്.
ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് തന്നെ യു.പിയിലെ ജയിലിലേക്ക് മാറ്റുന്നത് വധിക്കാനാണെന്നും അതിനാൽ ജയിൽ മാറ്റം തടയണമെന്നും തനിക്ക് സംരക്ഷണം നൽകണമെന്നുമായിരുന്നു ആതിഖിന്റെ ആവശ്യം.
ഈ കോടതി പരാതിക്കാരന്റെ സംരക്ഷണം നിഷേധിക്കുകയാണെങ്കിൽ, അത് അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണിയുയർത്തുന്നതാകുമെന്ന് ആതിഖിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതല്ലെന്നും ഹൈകോടതിയെ സമീപിക്കാനും അഭിഭാഷകനോട് കോടതി നിർദേശിച്ചു.
അതേസമയം, ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് ഉച്ചക്ക് ആതിഖിനെ പ്രയാഗ് രാജിലെ കോടതിയിൽ ഹാജരാക്കും. അതിനായി കഴിഞ്ഞ ദിവസം ഗുജറാത്തിലെ സബർമതി ജയിലിൽ നിന്നാണ് ഇയാളെ യു.പി പൊലീസ് കൊണ്ടുവന്നത്. എന്നാൽ യു.പിയിലേക്ക് കൊണ്ടുപോകാനായി ജയിലിൽ നിന്നിറക്കിയപ്പോൾ തന്നെ കൊല്ലാനാണ് പൊലീസിന്റെ പദ്ധതിയെന്ന് ആതിഖ് മാധ്യമങ്ങളോട് ആരോപിച്ചിരുന്നു.
‘അവരുടെ പദ്ധതി എന്താണെന്ന് എനിക്കറിയാം. അവർക്ക് എന്നെ കൊല്ലണം. കോടതിയിൽ ഹാജരാക്കാനെന്ന പേരിൽ തന്നെ കൊല്ലാൻ കൊണ്ടുപോവുകയാണെന്നായിരുന്നു ആതിഖിന്റെ ആരോപണം.
ഞായറാഴ്ച രാവിലെയാണ് ആതിഖിനെ കൊണ്ടുപോകാനായി യു.പി പൊലീസ് സബർമതി ജയിലിലെത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകീട്ടോടെയാണ് ആതിഖിനെ ജയിലിൽ നിന്നിറക്കിയത്.
സമാജ്‍വാദി പാർട്ടി എം.എൽ.എയായ രാജു പാലിനെ കൊന്ന കേസിലെ പ്രതിയാണ് ആതിഖ്. കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലും കൊല്ലപ്പെട്ടിരുന്നു.
ഫെബ്രുവരി 24നാണ് ഉമേഷ് പാൽ കൊല്ലപ്പെട്ടത്. പ്രയാഗ് രാജിലെ വസതിക്ക് സമീപം അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു. ആതിഖ് അഹമ്മദ് സബർമതി ജയിൽവെച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്നാണ് യു.പി പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.