വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏകീകൃത വസ്ത്രധാരണം: ഹരജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു
text_fieldsന്യൂ ഡൽഹി: രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏകീകൃത വസ്ത്രധാരണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹരജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. സമത്വം ഉറപ്പാക്കാനും, സാഹോദര്യം പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏകീകൃത വസ്ത്രധാരണം വേണമെന്നായിരുന്നു ഹരജി.
കോടതി വിധി പറയേണ്ട വിഷയമല്ല ഇതെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത, സുധാൻഷു ധുലിയ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. കർണ്ണാടകയിലെ ഹിജാബ് വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് ഹരജി സമർപ്പിച്ചത്.
ഏകീകൃത വസ്ത്രം അക്രമം കുറയ്ക്കുമെന്നും, നല്ല വിദ്യാഭ്യാസം ഉണ്ടാക്കുമെന്നും ഹരജിയിൽ പറയുന്നുണ്ട്. ഏകീകൃത വസ്ത്രധാരണയുമായി ബന്ധപ്പെട്ട് ഭരണഘടനാ സംബന്ധമായ പല വെല്ലുവിളികളും ഉണ്ടെങ്കിലും യു.എസ്, യു.കെ, ഫ്രാൻസ്, സിങ്കപ്പൂർ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏകീകൃത വസ്ത്രധാരണമാണുള്ളതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കോടതി വിമുഖത കാണിച്ചതോടെ ഹർജിക്കാരൻ ഹരജി പിൻവലിച്ചു. അതെ സമയം കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നീക്കാൻ വിസമ്മതിച്ച കർണാടക ഹൈ കോടതി വിധിയെ ചോദ്യം ചെയ്യുന്ന ഹരജികൾ ജസ്റ്റിസ് ഗുപ്‌തയുടെ നേതൃത്വത്തിലുള്ള ഇതേ ബെഞ്ച് തന്നെ പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.