കേന്ദ്രമന്ത്രി നാരായൺ റാണെയുടെ വസതി പൊളിക്കണമെന്ന് സുപ്രീംകോടതിയും
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ നാരായൺ റാണെയുടെ കുടുംബം മുംബൈയിൽ അനധികൃതമായി നിർമിച്ച ബംഗ്ലാവ് പൊളിക്കണമെന്ന് സുപ്രീംകോടതിയും. ജൂഹുവിലെ 'ആദിഷ്' ബംഗ്ലാവിന്റെ അനധികൃത ഭാഗങ്ങൾ രണ്ടാഴ്‌ചയ്‌ക്കകം പൊളിച്ചുനീക്കാൻ ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ റാണ നൽകിയ ഹർജിയാണ് സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക എന്നിവരുടെ ബെഞ്ച് തള്ളിയത്. രണ്ടുമാസത്തിനകം പൊളിച്ചില്ലെങ്കിൽ കോർപറേഷൻ നടപടിയെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. കേന്ദ്രമന്ത്രിയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള കാൽക്ക റിയൽ എസ്റ്റേറ്റ്സ് കമ്പനിയുടേതാണ് ബംഗ്ലാവ്.
ബോംബെ ഹൈകോടതി റാണെക്ക് 10 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. രണ്ടാഴ്ചക്കകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവിട്ടത്. സുപ്രീംകോടതിയെ സമീപിക്കാൻ ഒന്നര മാസത്തെ സാവകാശം വേണമെന്ന റാണെയുടെ അപേക്ഷ അന്ന് തള്ളിയിരുന്നു. ജസ്റ്റിസുമാരായ രമേശ് ധനുക, കമൽ ഖട്ട എന്നിവരുടെ ഡിവിഷൻ ബെഞ്ച് മുംബൈ നഗരസഭക്കാണ് ഉത്തരവ് നൽകിയത്.
മഹാരാഷ്ട്രയിൽ ശിവസേന സഖ്യ സർക്കാർ ഭരണത്തിലിരിക്കെ റാണെയുടെ ബംഗ്ലാവിലെ അനധികൃത നിർമാണത്തിനെതിരെ നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഭരണം മാറിയതോടെ, അനധികൃത നിർമ്മിതിക്ക് അംഗീകാരം തേടിയുള്ള റാണെയുടെ അപേക്ഷ നഗരസഭ അംഗീകരിക്കുകയും ചെയ്തു. എന്നാൽ, നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്നും അത് അനധികൃത നിർമാണത്തെ പ്രോത്സാഹിപ്പിക്കുമെന്നും കോടതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.