ഐ.പി.ഒക്ക് മുമ്പ് എൽ.ഐ.സിക്ക് ആശ്വാസം; നിർണായക വിധിയുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: 21,000 കോടിയുടെ ഐ.പി.ഒക്ക് മുന്നോടിയായി എൽ.ഐ.സിക്ക് ആശ്വാസം. 40 വർഷമായി നിലനിൽക്കുന്ന എൽ.ഐ.സിയും 12,000 താൽക്കാലിക ജീവനക്കാരും തമ്മിലുള്ള തർക്കത്തിനാണ് സുപ്രീംകോടതിയിൽ പരിഹാരമായത്. താൽക്കാലിക ജീവനക്കാർക്ക് നഷ്ടപരിഹാരത്തിന് മാത്രമേ അർഹതയുളളുവെന്നും എൽ.ഐ.സിയിൽ സ്ഥിര ജോലിക്ക് അർഹതയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
11,780 ക്ലാസ് 3, ക്ലാസ് 4 ജീവനക്കാരാണ് കേസുമായി സുപ്രീംകോടതിയിലെത്തിയത്. 1985 മുതൽ 1991 വരെയുള്ള കാലയളവിലാണ് ഇവർ എൽ.ഐ.സിയിൽ ജോലി ചെയ്തത്. ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഢ്, സുര്യകാന്ത്, വിക്രംനാഥ് എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
എൽ.ഐ.സി ഒരു പൊതുമേഖല സ്ഥാപനമാണ്. അതിലെ റിക്രൂട്ട്മെന്റ് പ്രക്രിയ സുതാര്യമായിരിക്കണം. പിൻവാതിൽ വഴി എൽ.ഐ.സിയിൽ സ്ഥിരനിയമനം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 11,000 പേരെ എൽ.ഐ.സി സ്ഥിര ജീവനക്കാരായി നിയമിക്കുകയാണെങ്കിൽ അത് ആർട്ടിക്കൾ 14, 16 എന്നിവയുടെ ലംഘനമാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം, ഇവർക്ക് നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ച് പഠിക്കാൻ പ്രത്യേക കമ്മിറ്റിയേയും സുപ്രീംകോടതി നിയോഗിച്ചു. അലഹബാദ് ഹൈകോടതി മുൻ ജഡ്ജി പി.കെ.എസ് ബാഗൽ, ജില്ലാ ജഡ്ജി രാജീവ് ശർമ്മ എന്നിവരാണ് നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.