വിവാഹ വാഗ്ദാനം പാലിച്ചില്ലെന്നു കരുതി ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: നേരത്തെ നൽകിയ വിവാഹ വാഗ്ദാനം പാലിക്കാനായില്ലെന്നു കരുതി ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീം കോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ യു.പിയിൽ നിന്നുള്ള 30 വയസുകാരനെതിരെ ചുമത്തിയിരുന്ന എഫ്.ഐ.ആർ സുപ്രീം കോടതി റദ്ദാക്കി.
വിവാഹ വാഗ്ദാനം നല്‍കിയതുകൊണ്ട് മാത്രം ലൈംഗിക ബന്ധം പീഡനമാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. തനിക്കെതിരെ ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള 30 വയസുകാരൻ കോടതിയെ സമീപിക്കുകയായിരുന്നു.
30 വയസുകാരന്‍ തന്‍റെ പെണ്‍ സുഹൃത്തിന് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് അത് പാലിക്കാനാകാതെ വരികയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി പരാതി നല്‍കി. ഈ കേസിലാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും സുപ്രധാന വിധിയുണ്ടായത്.
ഈ കേസില്‍ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ ഹരജി നേരത്തെ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം ചെയ്യുന്ന സമയം സത്യസന്ധമായാണ് താന്‍ വിവാഹ വാഗ്ദാനം നല്‍കിയതെന്നും പിന്നീട് സാഹചര്യങ്ങള്‍ മാറിയപ്പോള്‍ ആ ബന്ധം തുടര്‍ന്നു പോകാനാകാതെ വരികയുമായിരുന്നുവെന്ന് ഇയാള്‍ കോടതിയെ അറിയിക്കുകയായിരുന്നു.
പരസ്പര സമ്മതത്തോടെയായിരുന്നു ഒന്നര വർഷം നീണ്ട ലൈംഗിക പങ്കാളിത്തമെന്ന് നേരത്തെ പെൺകുട്ടി മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. ഈ മൊഴി പ്രതിഭാഗം സുപ്രീം കോടതിയിൽ ഹാജരാക്കി. ബന്ധമുണ്ടായിരുന്ന സമയത്ത് ആത്മാർഥമായാണ് വിവാഹ വാഗ്ദാനം നൽകിയിരുന്നതെന്നും പ്രതി കോടതിയെ അറിയിച്ചു. എന്നാൽ, പ്രതിയുടെ മതാപിതാക്കളുടെ ഭാഗത്തു നിന്ന് കടുത്ത എതിർപ്പുണ്ടായതിനാൽ പിന്നീട് വിവാഹിതരാകാൻ സാധിച്ചില്ല. രജിസ്റ്റർ വിവാഹം നടത്താനുള്ള നീക്കം നടത്തിയത് പെൺകുട്ടിക്ക് അറിയാവുന്നതാണെന്നും അതും സാധ്യമായില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.
ൈലംഗിക ബന്ധം ഉണ്ടായിരുന്ന സമയത്ത് വഞ്ചന നടത്തുക എന്ന ലക്ഷ്യം പ്രതിക്കുണ്ടായിരുന്നില്ലെന്ന നിരീക്ഷണത്തോടെയാണ് എഫ്.ഐ.ആർ റദ്ദാക്കാൻ കോടതി ഉത്തരവിട്ടത്. പാലിക്കപ്പെടാത്ത എല്ലാ വാഗ്ദാനങ്ങളും വ്യാജമോ വഞ്ചനയോ അല്ലെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.