‘ഇന്ന് ബിൽക്കീസ്, നാളെ ഞാനോ നിങ്ങളോ’; ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാറിന് രൂക്ഷ വിമർശനം
text_fieldsന്യൂഡൽഹി: ഗർഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയും കുടുംബത്തിലെ 14 പേരെ കൂട്ടക്കൊല നടത്തുകയും ചെയ്ത ഹീനമായ കുറ്റകൃത്യത്തിലേർപ്പെട്ടവരെ വിട്ടയച്ചതിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ഇന്ന് ബിൽകീസാണെങ്കിൽ നാളെ ഞാനോ നിങ്ങളോ ആയിരിക്കാമെന്ന് മുന്നറിയിപ്പ് നൽകി.
കേസിലെ 11 പ്രതികളെയും ശിക്ഷ തീരും മുമ്പ് വിട്ടയച്ചതിലൂടെ എന്ത് സന്ദേശമാണ് നൽകിയതെന്ന് ചോദിച്ച ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് വിവാദ തീരുമാനമെടുത്ത ഗുജറാത്ത് സർക്കാറിനോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിനും ഗുജറാത്തിനും തിങ്കളാഴ്ചവരെ സമയം നൽകി ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് കേസ് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫും ബി.വി. നാഗരത്നയും അറിയിച്ചു.
സംസ്ഥാന സർക്കാർ ആലോചിച്ചെടുത്ത തീരുമാനമാണോ ഇതെന്ന് സുപ്രീംകോടതി ചോദിച്ചു. കേന്ദ്ര സർക്കാർ അംഗീകരിച്ചുവെന്ന് കരുതി തീരുമാനമെടുക്കുമ്പോൾ സംസ്ഥാന സർക്കാർ സ്വന്തം നിലക്ക് ആലോചിക്കേണ്ടതില്ല എന്നർഥമില്ല. ജീവിതത്തിന്റെ ബാക്കി ഭാഗം പ്രതികൾ ജയിലിൽ കഴിയണമെന്ന് കോടതി വിധിച്ചിട്ടും സർക്കാർ ഉത്തരവിലൂടെ വിട്ടയക്കുകയാണ് ചെയ്തത്. ഇന്ന് ബിൽകീസ് ബാനുവായിരിക്കാം. നാളെ ഞാനോ നിങ്ങളോ ആകാം. ഇത്തരം തീരുമാനത്തിലേക്ക് നയിച്ച കാര്യങ്ങളെന്താണ്?
ഇത്രയും ഹീനമായ ഒരു കുറ്റകൃത്യത്തിൽ ശിക്ഷാ കാലയളവിന് മുമ്പ് കുറ്റവാളികളെ മോചിപ്പിക്കുന്നത് സമൂഹത്തെ ബാധിക്കും. പൊതുതാൽപര്യം മുൻനിർത്തിമാത്രം ഉപയോഗിക്കേണ്ട അധികാരമാണ് കുറ്റവാളികളെ മോചിപ്പിക്കുന്ന കാര്യമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
‘നല്ല കോൺഗ്രസുകാരനാണ്’ എന്ന് കാരണം പറഞ്ഞ് കുറ്റവാളിയെ മോചിപ്പിച്ച നടപടി റദ്ദാക്കിയ വെങ്കട്ട റെഡ്ഢി കേസിലെ സുപ്രീംകോടതി വിധി മുന്നിലുണ്ടെന്ന് ജസ്റ്റിസ് ജോസഫ് കേന്ദ്രത്തോടും ഗുജറാത്ത് സർക്കാറിനോടും പറഞ്ഞു. കുറ്റവാളികളെ മോചിപ്പിക്കുന്നതിന് ലക്ഷ്യബോധവും മാനദണ്ഡങ്ങളും വേണം. അതിനാൽ ബിൽകീസ് കേസിലെ പ്രതികളെ മോചിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കിയേ തീരു. കേന്ദ്ര സർക്കാറും ഗുജറാത്തും കാരണം വ്യക്തമാക്കുന്നില്ലെങ്കിൽ സുപ്രീംകോടതി സ്വന്തം തീർപ്പിലെത്തുമെന്നും ബെഞ്ച് നിലപാട് പ്രഖ്യാപിച്ചു.
ആപ്പിളും ഓറഞ്ചും തമ്മിൽ താരതമ്യം ചെയ്യുമോ എന്ന് ഗുജറാത്തിനും കേന്ദ്രത്തിനും വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോട് സുപ്രീംകോടതി ചോദിച്ചു. കേവലം ഒരു കൊലപാതക കുറ്റമോ ബലാത്സംഗമോ ചെയ്തവരല്ല ഇവർ. ഒരു ഗർഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി കുടുബത്തിലെ 14 പേരെ കൂട്ടക്കൊല നടത്തുകയും ചെയ്തവരാണ്. മറ്റു കുറ്റകൃത്യങ്ങളിൽ ശിക്ഷ തീരുംമുമ്പ് മോചിപ്പിക്കുന്നതിനോട് താരതമ്യം ചെയ്യാവുന്നതല്ല ബിൽകീസ് ബാനു കേസെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹീനമായ കുറ്റകൃത്യമാണെങ്കിലും 15 വർഷം ജയിലിൽ കിടന്നില്ലേ എന്ന് പ്രതിഭാഗം അഭിഭാഷകൻ സിദ്ധാർഥ് ലൂഥ്റ ചോദിച്ചപ്പോൾ 15 വർഷം ജയിലിൽ കിടന്നോ എന്ന് ബെഞ്ച് തിരിച്ചുചോദിച്ചു. 1000ഉം 1500ഉം ദിവസം ഓരോരുത്തരും പരോളിലായിരുന്നുവല്ലോ എന്ന് ബെഞ്ച് ചൂണ്ടിക്കാണിച്ചപ്പോൾ ലൂഥ്റ ഒഴിഞ്ഞുമാറി. ഇര മരിച്ചുപോയാലും ഇരക്ക് പേടിയുണ്ടെങ്കിലും കോടതിയിൽ വന്നില്ലെന്ന് കരുതി മറ്റാരും ബിൽകീസിനായി പൊതുതാൽപര്യ ഹരജിയുമായി വരരുതെന്ന് പറയാനാകുമോ എന്ന് ജസ്റ്റിസ് ജോസഫ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.