ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റിലായ സംഭവം: നഷ്ടപരിഹാര ഹരജിയുമായി മണിപ്പൂർ ആക്ടിവിസ്റ്റിന്റെ പിതാവ്
text_fieldsന്യൂഡൽഹി: ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ ദേശീയ സുരക്ഷ നിയമപ്രകാരം (എൻ.എസ്.എ) മണിപ്പൂർ ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം തേടി സുപ്രീംകോടതിയിൽ ഹരജി. 40കാരനായ എരൻഡ്രോ ലെയ്ചോമ്പവിന്റെ പിതാവാണ് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് മണിപ്പൂർ സർക്കാറിനോട് വിശദീകരണം തേടി.
മേയ് മുതൽ ആരുടെയെങ്കിലും സ്വാതന്ത്ര്യം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ വിഷയമാണെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. മണിപ്പൂർ സർക്കാറിന് നോട്ടീസ് അയച്ച കോടതി, കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കി.
ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് എസ്. തികേന്ദ്ര സിങ് കോവിഡ് ബാധിച്ച് മേയ് 13ന് മരിച്ചതിനെ തുടർന്നായിരുന്നു 40കാരനായ എരൻഡ്രോ ലെയ്ചോമ്പവും 41കാരനായ കിശോരചന്ദ്ര വാങ്ഖേമും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചത്. 'പശുവിന്‍റെ ചാണകമോ മൂത്രമോ കോവിഡ് ഭേദമാക്കില്ല' എന്നായിരുന്നു പോസ്റ്റ്.
ബി.െജ.പി വൈസ് പ്രസിഡന്‍റ് ഉഷം ദേബൻ, ജനറൽ സെക്രട്ടറി പി. പ്രേമാനന്ദ മീട്ടെ എന്നിവരുടെ പരാതിയിൽ ഇരുവരെയും ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജൂലൈ 19ന് കേസ് പരിഗണിച്ച സുപ്രീംകോടതി അറസ്റ്റ് ചെയ്തവരെ ഉടൻ വിട്ടയക്കണമെന്ന് ഉത്തരവിട്ടു.
മണിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രദേശിക രാഷ്ട്രീയ പാർട്ടിയുടെ കൺവീനറാണ് എരൻഡ്രോ ലെയ്ചോമ്പം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മണിപ്പൂർ മുഖ്യമന്ത്രി ബൈറൻ സിങ്ങിനെതിരെയും ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തതിന് 2018ൽ കിശോർചന്ദ്ര വാങ്കേമിനെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുത്തിരുന്നു. 2019 ഏപ്രിലിലാണ് പിന്നീട് ഇദ്ദേഹം ജയിൽ മോചിതനാകുന്നത്. അക്കാലയളവിൽ ലെയ്ചോംബക്കതെിരെ രാജ്യദ്രോഹ കേസും ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.