പൊലീസ് റിക്രൂട്ട്മെന്‍റ് റാലിയിൽ ജാതി തിരിച്ച് ചാപ്പ കുത്തിയ ചിത്രങ്ങൾ വൈറലാകുന്നു
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ പൊലീസ് റിക്രൂട്ട്മെന്‍റ് റാലിയിൽ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിൽ പെട്ട യുവാക്കളുടെ മേൽ സീൽ പതിച്ചത് വിവാദമായി. ധർ ജില്ലയിലെ പൊലീസ് റിക്രൂട്ട്മെന്‍റിനിടെ നടന്ന മെഡിക്കൽ പരിശോധനക്കിടെയാണ് യുവാക്കളുടെ നെഞ്ചത്ത് ജാതി തിരിച്ച് സീൽ പതിച്ചത്. ഇതിന്‍റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ജാതി വിവേചനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ധർ പൊലീസ് സൂപ്രണ്ട് അറിയിച്ചു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് പ്രത്യേക തെരഞ്ഞടുപ്പ് മാനദണ്ഡങ്ങളായതിനാൽ ഇവരെ വേർതിരിച്ചറിയാനാണ് ഇത്തരത്തിൽ സീൽ പതിച്ചതെന്ന് ജില്ലാ അധികൃതർ അറിയിച്ചു. മറ്റുള്ളവരുമായി ഇടകലർന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കാനായിരുന്നു ഇതെന്നും പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥർ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാൻ വേണ്ടിയായിരുന്നു നടപടിയെന്നും ആരേയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാൽ സംഭവം ഒഴിവാക്കാമായിരുന്നുവെന്നും ഡി.ജി.പി അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധമുയരുമ്പോഴും ഉദ്യോഗാർഥികളാരും ഇതിനെതിരെ പരാതി നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.