മതംമാറിയ ദലിതുകൾക്ക് പട്ടികജാതി പദവി; കമീഷന്റെ കാലാവധി നീട്ടി കേന്ദ്രം
text_fieldsന്യൂഡൽഹി: ബുദ്ധ-സിഖ് മതങ്ങൾ ഒഴികെയുള്ളവയിലേക്ക് മാറിയ ദലിതർക്ക് പട്ടികജാതി പദവി നൽകണമോയെന്ന കാര്യം പരിശോധിക്കാൻ രൂപീകരിച്ച കമീഷന്റെ കാലാവധി കേന്ദ്രം നീട്ടി. ഈ വർഷം ഒക്‌ടോബർ 10നകം സമർപ്പിക്കേണ്ട റിപ്പോർട്ട് കമീഷൻ പൂർത്തിയാക്കിയിട്ടില്ലെന്നും അതിനാൽ കാലാവധി അടുത്ത വർഷം ഒക്ടോബർ 10വരെ നീട്ടിയതായും സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു.
മതം മാറിയ പുതിയ വ്യക്തികൾക്ക് എസ്.സി പദവി നൽകുന്നതിന്റെ എല്ലാ വശങ്ങളും പരിഗണിക്കുന്നതിനായി 2022 ഒക്ടോബറിലാണ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ കമീഷൻ രൂപീകരിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 341 പ്രകാരം രാഷ്ട്രപതിയുടെ ഉത്തരവിൽ പരാമർശിച്ചിട്ടുള്ളവരല്ലാത്തവരാണ് ഇതിന്റെ പരിധിയിൽ വരിക. 1950ലെ രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ സമുദായങ്ങളിൽ നിന്നുള്ള ദലിതരെ മാത്രമാണ് പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.
എന്നാൽ, ഇതെച്ചൊല്ലി അംബേദ്കറിസ്റ്റുകളുടെ ഇടയിൽ ഭിന്നത ഉടലെടുത്തിരുന്നു. ലഖ്‌നൗവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കർ സർവകലാശാലയിലെ പ്രഫസറും സാമൂഹ്യശാസ്ത്രജ്ഞനുമായ ബിഭൂതി ഭൂഷൺ മല്ലിക് ഹിന്ദു, സിഖ്, ബുദ്ധ സമുദായങ്ങൾക്ക് പുറത്തുള്ള ദലിതർക്ക് പട്ടികജാതി പദവി നൽകുന്നതിനെ എതിർക്കുന്നു. ഇത്തരമൊരു നീക്കം യഥാർഥ ദലിതുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള നീക്കത്തെ നിഷേധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
‘ചില ജാതികളെ എസ്.സിയായി തരംതിരിക്കുന്നതിന്റെ അടിസ്ഥാനം അവർക്ക് തലമുറകളായി അഭിമുഖീകരിക്കേണ്ടി വന്ന തൊട്ടുകൂടായ്മയാണ്. ഇസ്‍ലാം, ക്രിസ്ത്യൻ തുടങ്ങിയ മതങ്ങളിലേക്ക് മാറിയ ദലിതർക്ക് തൊട്ടുകൂടായ്മ നേരിടേണ്ടി വന്നിട്ടില്ലെന്നും മല്ലിക് പറഞ്ഞു. അവരിൽ ചിലർ സാമൂഹിക സാമ്പത്തിക അപര്യാപ്തത നേരിടുന്നുണ്ടെങ്കിൽ അവരെ മറ്റ് പിന്നാക്ക വിഭാഗങ്ങളായി തരംതിരിക്കാം. കേന്ദ്രസർക്കാർ ജോലികളിലും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലോക്‌സഭാ സീറ്റുകളിലും എസ്.സികൾക്ക് അർഹതയുള്ള 15 ശതമാനം സംവരണം സ്വാതന്ത്ര്യസമയത്തെ ജനസംഖ്യയുടെ വിഹിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മല്ലിക് പറഞ്ഞു. അവരുടെ ജനസംഖ്യാ വിഹിതം ഇതിനകം 16.6 ശതമാനമായി ഉയർന്നു. ക്രിസ്ത്യൻ, മുസ്‍ലിം ദലിതർക്ക് പട്ടികജാതി പദവി നൽകിയാൽ സംവരണ ആനുകൂല്യങ്ങൾക്കായുള്ള മത്സരം ഇനിയും വർധിക്കുമെന്നും അദ്ദേഹം വാദിച്ചു.
ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഇഷ്ടാനുസരണം സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരിക്കാനും അവകാശം നൽകുന്നു. അവിടെ അവർക്ക് 50 ശതമാനം വരെ സംവരണം സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. ദലിത് മുസ്‍ലിംകൾക്കും ദലിത് ക്രിസ്ത്യാനികൾക്കും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണാനുകൂല്യങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്. അവർക്ക് പട്ടികജാതി പദവി നൽകിയാൽ അവർ യഥാർഥ ദലിതർക്ക് വേണ്ടിയുള്ളതിൽനിന്ന് ഒരു വിഹിതം എടുക്കുകയും യഥാർഥ ദലിതുകളുടെ മുഖ്യധാരാ പ്രക്രിയയെ ബാധിക്കുകയും ചെയ്യും -മല്ലിക് പറഞ്ഞു.
മതപരിവർത്തനത്തിനുശേഷം ദലിത് ക്രിസ്ത്യാനികളും ദലിത് മുസ്‍ലിംകളും വിവേചനം നേരിടുന്നതിനാൽ സർക്കാർ നിർദേശം ന്യായമാണെന്ന് അംബേദ്കറിസ്റ്റായഅനിൽ വാഗ്ഡെ പറഞ്ഞു. എന്നാൽ, നിർദേശം നടപ്പിലാക്കുന്നത് വെല്ലുവിളികൾ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സമൂഹവുമായി പൂർണമായി സംയോജിപ്പിക്കപ്പെടാതെ പരിവർത്തിതരായ ദലിതർ വിവേചനം നേരിടുന്നു. പരിവർത്തനം ചെയ്യപ്പെട്ട ബുദ്ധമതക്കാർക്കും സമാനമായ വിവേചനം നേരിടേണ്ടി വന്നു. സർക്കാർ അവർക്ക് 1989ൽ എസ്.സി പദവി നൽകി. ഇതേ യുക്തി ദലിത് ക്രിസ്ത്യാനികൾക്കും ദലിത് മുസ്‍ലിംകൾക്കും ബാധകമാണെന്നും വാഗ്ഡെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.